ഭാരതത്തിന്റെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകി. എൻഡിടിവി വേൾഡ് സമ്മിറ്റ് 2026-ൽ സംസാരിക്കവെയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതിയെക്കുറിച്ചും അത് വൈകാനുണ്ടായ കാരണങ്ങളെക്കുറിച്ചും മന്ത്രി മനസ് തുറന്നത്.
മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ രൂപകല്പന (Design) അതീവ സങ്കീർണ്ണമായിരുന്നുവെന്നും, അത് പൂർത്തിയാക്കാൻ തന്നെ രണ്ട് വർഷത്തോളം എടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു. 80 കിലോമീറ്ററിലും 200 കിലോമീറ്ററിലും വാഹനം ഓടിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തവും സങ്കീർണ്ണവുമാണ് 350 കിലോമീറ്റർ വേഗതയിലുള്ള ട്രെയിൻ യാത്രയെന്നും അതിനാൽ ഡിസൈനിംഗിൽ അതീവ ശ്രദ്ധ പുലർത്തേണ്ടി വന്നുവെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ തുടക്കത്തിലുണ്ടായ കോവിഡ് പ്രതിസന്ധിയും മുൻപ് മഹാരാഷ്ട്രയിലുണ്ടായ ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങളുമാണ് നിർമ്മാണം വൈകാൻ ഇടയാക്കിയ മറ്റ് ഘടകങ്ങൾ.
ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിനെതിരെ മുൻ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡെകി മക്കിഹാര (Hideki Makihara) നടത്തിയ വിമർശനങ്ങൾ കേന്ദ്രമന്ത്രി തള്ളി. ജപ്പാനുമായി ഇന്ത്യയ്ക്കുള്ള തന്ത്രപരമായ സൗഹൃദം ചൂണ്ടിക്കാണിച്ച അശ്വിനി വൈഷ്ണവ്, മുൻ ലാൻഡ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ട്രാൻസ്പോർട്ട് മന്ത്രി നകാനോ ഹിറോമാസ ഒന്നര വർഷം മുൻപ് പദ്ധതി പ്രദേശം സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ നിർമ്മാണ വേഗതയിലും ജോലിയുടെ ഗുണനിലവാരത്തിലും ഏറെ അത്ഭുതപ്പെട്ട കാര്യം ഓർമ്മിപ്പിച്ചു. ജപ്പാനിൽ പോലും ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ പ്രവർത്തനം നടത്താൻ കഴിയില്ലെന്നാണ് അന്ന് ജാപ്പനീസ് മന്ത്രി അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തടസ്സങ്ങളെല്ലാം നീങ്ങി പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ ശൃംഖല വരുന്നതോടെ ഇന്ത്യയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.












