എറണാകുളം : കൊച്ചിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ വൈകിയേക്കും. രാത്രി ഏഴരയോടെ ആയിരിക്കും റോഡ് ഷോ ആരംഭിക്കുക എന്നാണ് സൂചന. നേരത്തെ ആറുമണിക്ക് റോഡ് ഷോ ആരംഭിക്കും എന്നായിരുന്നു ലഭിച്ചിരുന്ന വിവരം. രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് ആയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തുന്നത്.
രാത്രി 7 മണിക്ക് ആയിരിക്കും പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത്. തുടർന്ന് രാത്രി ഏഴരയോടെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം റോഡ് ഷോ ഉണ്ടായിരിക്കുന്നതാണ്.
കൊച്ചിയിൽ നിന്നും നാളെ രാവിലെ ആറുമണിക്ക് ആയിരിക്കും പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോവുക. ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം 8:45ന് നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തിനുശേഷം പത്തുമണിയോടെ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗ്ഗം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കും. തൃപ്രയാർ ക്ഷേത്രദർശനത്തിനുശേഷം പ്രധാനമന്ത്രി തിരികെ കൊച്ചിയിലേക്ക് എത്തുന്നതാണ്.
നാളെ ഉച്ചയ്ക്ക് 12ന് വെല്ലിങ്ടൺ ഐലൻഡിൽ നടക്കുന്ന കൊച്ചിൻ ഷിപ്പിയാർഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈപ്പിൻ പുതുവൈപ്പിൽ നടക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും.
Discussion about this post