ന്യൂഡൽഹി : ഭാരതമെങ്ങും ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ആഹ്ലാദാരവങ്ങളിലാണ്. പൂജാ വിപണി മുതൽ പടക്ക വിപണി വരെ ഈ ആഘോഷത്തിന്റെ അലയൊലികൾ ദൃശ്യമാണ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമ ഭക്തർ നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പടക്ക വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ ദീപാവലിക്ക് വിറ്റഴിക്കപ്പെട്ടതിനേക്കാൾ കൂടുതൽ പടക്കങ്ങളാണ് പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി വിൽക്കപ്പെട്ടിട്ടുള്ളത്. ശിവകാശിയിലെ പടക്ക നിർമ്മാതാക്കളുടെ സംഘടനയാണ് ഈ പുതിയ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. 250 കോടി രൂപയുടെ പടക്കങ്ങളാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ യോടനുബന്ധിച്ച് വിറ്റഴിച്ചിട്ടുള്ളത് എന്നാണ് ശിവകാശിയിലെ പടക്ക നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പടക്ക നിർമ്മാതാക്കളുടെ കൂടി കണക്കുകൾ പുറത്തു വരുമ്പോൾ 400 കോടിയോളം രൂപയുടെ പടക്കങ്ങളാണ് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഓൾ ഇന്ത്യ ഫയർ വർക്ക് ട്രേഡേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ദീപാവലിയെക്കാൾ കൂടുതൽ വിൽപ്പന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ രണ്ടാം ദീപാവലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീരാമഭക്തർ. പടക്കങ്ങളോടൊപ്പം തന്നെ ചിരാതുകൾ, വിളക്കുകൾ എന്നിവയ്ക്കും വലിയ ഡിമാൻഡ് ആണ് ഉണ്ടായിട്ടുള്ളത്. ഇരട്ടി വില കൊടുത്താൽ പോലും ചിരാതുകൾ ലഭിക്കാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും ഉള്ളത്. പ്രാണ പ്രതിഷ്ഠ ആഘോഷത്തിനുള്ള വിവിധ വസ്തുക്കളുടേതായി 15,000 കോടി രൂപയുടെ വിപണിയാണ് ഭാരതത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത് എന്ന് ഓൾ ഇന്ത്യ ട്രേഡ് ബോർഡ് വ്യക്തമാക്കി.
Discussion about this post