സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ കല്യാണത്തലേന്നത്തെ ആഘോഷങ്ങൾ അതിഗംഭീരമായി നടക്കുകയാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുകൊണ്ടു. ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം.
മലയാള സിനിമ രംഗത്ത് നിന്നുമുള്ള നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കും എന്നാണ് സൂചന. ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് എന്നിവരെല്ലാം വിവാഹത്തിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 8:45നാണ് ഭാഗ്യയുടെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം നടക്കുക എന്നുള്ളതാണ് ഭാഗ്യ സുരേഷിന്റെ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഗുരുവായൂരിലെ വിവാഹ ചടങ്ങുകൾക്ക് ശേഷം ജനുവരി 19ന് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കും ആയി കൊച്ചിയിൽ പ്രത്യേക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 20ന് തിരുവനന്തപുരത്തും പ്രത്യേക റിസപ്ഷൻ ഉണ്ടായിരിക്കും. വരന്റെയും വധുവിന്റെയും ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർക്കായാണ് തിരുവനന്തപുരത്ത് വിവാഹ റിസപ്ഷൻ നടത്തുന്നത്.
ഭാഗ്യയുടെയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്ത് കൂടിയാണ് വരൻ ശ്രേയസ് മോഹൻ. തിരുവനന്തപുരം ആസ്ഥാനമായി വ്യവസായ സംരംഭങ്ങൾ നടത്തുന്ന ശ്രേയസ് മുൻ ആർമി ഉദ്യോഗസ്ഥനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ്. വർഷങ്ങളായി അടുത്തറിയാവുന്ന കുടുംബമാണ് ശ്രേയസിന്റേതെന്ന് കഴിഞ്ഞ ദിവസം ഗോകുൽ സുരേഷ് വ്യക്തമാക്കിയിരുന്നു.
Discussion about this post