എറണാകുളം : സഞ്ചാരികളിൽ നിന്നും മികച്ച രീതിയിൽ ഉള്ള പ്രതികരണം ലഭിക്കുന്നതിനാൽ കൊച്ചി വാട്ടർ മെട്രോ കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ഉടൻ ആരംഭിക്കും.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിനായി വ്യവസായ മന്ത്രി പി രാജീവ് വിളിച്ചു ചേർത്ത യോഗത്തിലാണ് വാട്ടർ മെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ തീരുമാനമായത്. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ആയിരിക്കും ആദ്യം ആരംഭിക്കുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവീസ് വീതം ആരംഭിക്കാനാണ് തീരുമാനമായിട്ടുള്ളത്.
കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും എന്നും യോഗത്തിൽ തീരുമാനമായി. ഏലൂർ, ചേരാനല്ലൂർ റൂട്ടിലും വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നും 11 ബോട്ടുകൾ ആവശ്യപ്പെട്ടിട്ടുള്ളതായും ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും പി രാജീവ് അറിയിച്ചു.








