പാലക്കാട്: റോബിൻ ബസിന് പകരമായി കൊണ്ടുവന്ന കെഎസ്ആർടിസി ബസിൽ തീ പിടിത്തം. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു തീപിടിത്തം ഉണ്ടായത്. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ദേശീയപാതയിലെ ചിതലി അഞ്ചുമുറി ജംഗ്ഷനിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ ബസിന് പുറകുവശത്ത് നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ എൻജിനും ഓഫായി. ഇതേ തുടർന്ന് ബസിന് പുറത്ത് ഇറങ്ങി പരിശോധിച്ചപ്പോഴാണ് പുക ഉയർന്നത് കണ്ടത്. ഉടനെ യാത്രികരെ ബസിൽ നിന്നും താഴെയിറക്കുകയായിരുന്നു.
ബസിൽ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാരും ഓടിക്കൂടി. തുടർന്ന് ഇവരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ആലത്തൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി ബസ് പരിശോധിച്ചു. ഇതിന് ശേഷം ബസ് അറ്റകുറ്റപ്പണികൾക്കായി പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാറ്റി.
Discussion about this post