പത്തനംതിട്ട : ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ ആയിരുന്നു സംഭവം നടന്നത്. മലയാളം അദ്ധ്യാപികയായ മിലീന ജെയിംസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപികയുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് ആരോപണം. ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അക്ഷയ് പി. ആണ് ഹോസ്റ്റലിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്.
ആത്മഹത്യാശ്രമത്തെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആയ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് മലയാള വിഭാഗം അദ്ധ്യാപികയ്ക്ക് എതിരെ നടപടിയെടുക്കാതെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ഈ അദ്ധ്യാപികക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.








