ബെംഗളൂരു : ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ ക്യാമ്പസ് ബംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. ബോയിംഗിന്റെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്യാമ്പസ് ആണ് ബംഗളൂരുവിൽ പൂർത്തീകരിച്ചിട്ടുള്ളത്. നിലവിൽ അമേരിക്കയിൽ ആണ് ബോയിംഗിന്റെ ഏറ്റവും വലിയ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
രാജ്യത്തിന്റെ വ്യോമയാന രംഗത്ത് പുതിയ പുരോഗതി കൈവരിക്കുന്നതിനുള്ള നൂതന ആശയങ്ങളുടെ കേന്ദ്രമായി ബോയിംഗ് ക്യാമ്പസ് മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയുടെ സാങ്കേതികശേഷിയെ ആഗോള ഡിമാന്റുമായി ബന്ധിപ്പിക്കാൻ ബംഗളൂരു നഗരത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി ഉദ്ഘാടന ചടങ്ങിൽ അഭിപ്രായപ്പെട്ടു. വ്യോമയാന മേഖലയിലേക്ക് കൂടുതൽ പെൺകുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കുന്നതിനായി ബോയിംഗ് സുകന്യ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
43 ഏക്കറിൽ ആയാണ് ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ സ്ഥാപിച്ചിട്ടുള്ളത്. 1600 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് വന്നിട്ടുള്ളത്. ആഗോളതലത്തിലുള്ള എയ്റോ സ്പേസ്, പ്രതിരോധ വ്യവസായങ്ങൾക്കായി പുതുതലമുറ ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാൻ ബോയിംഗ് ഇന്ത്യ ക്യാമ്പസിന് കഴിയുന്നതാണ്. ഇന്ത്യൻ പ്രതിരോധ മേഖലയിലെ വിമാനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കാനും ആത്മനിർഭർ ഭാരതത്തിന് കൂടുതൽ സംഭാവനകൾ നൽകാനുമായി ഇന്ത്യൻ സായുധസേനയുമായി സഹകരിക്കുമെന്ന് ബോയിംഗ് അധികൃതർ വ്യക്തമാക്കി.
Discussion about this post