പറ്റ്‌ന: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും ചോദ്യം ചെയ്യാൻ ഇഡി. ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവർക്കും ഇഡി നോട്ടീസ് നൽകി. പാവപ്പെട്ടവരിൽ നിന്നും ഭൂമി കൈക്കൂലിയായി വാങ്ങി ജോലി നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇരുവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ മാസം 29, 30 തിയതികളിൽ പറ്റ്‌നയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് ഇരുവർക്കും നൽകിയിരിക്കുന്ന നിർദ്ദേശം. ലാലു പ്രസാദിനോട് ഈ മാസം 29 നും, തേജസ്വി യാദവിനോട് 30 നും ഹാജരാകണം എന്നാണ് നോട്ടീസിൽ ഉള്ളത്. ഹാജരാകുന്ന വേളയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്.
കേസിൽ കഴിഞ്ഞ ദിവസം ഇഡി ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു.
2004 മുതൽ 2009 വരെ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന കാലത്തായിരുന്നു രാജ്യത്തെ ഞെട്ടിച്ച അഴിമതി നടന്നത്. റെയിൽവേയുടെ പരിസരത്ത് താമസിക്കുന്ന പാവങ്ങളിൽ നിന്നും ഭൂമി കൈക്കൂലിയായി വാങ്ങി ഇവർക്ക് വകുപ്പിൽ ജോലി നൽകുകയായിരുന്നു. ലാലു പ്രസാദുമായി ബന്ധപ്പെട്ട കമ്പനിയായ എ.കെ ഇൻഫറോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന് ആയിരുന്നു ഇത്തരത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമി എഴുതി നൽകിയത്.
Discussion about this post