ലക്‌നൗ: സ്ത്രീധനമായി വാഹനം ലഭിക്കാത്തതിന്റെ പേരിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ഭർത്താവിനെതിരെ മുത്വലാഖ് നിരോധന നിയമപ്രകാരം പോലീസ് കേസ് എടുത്തു.
സ്‌കോർപിയോ വാഹനം സ്ത്രീധനമായി ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഭാര്യയെ മൊഴി ചൊല്ലിയത്. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2015 ലായിരുന്നു യുവതിയുടെ വിവാഹം. അന്ന് 15 ലക്ഷം രൂപ പ്രതിയ്ക്ക് യുവതിയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹ ശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. പീഡനം സഹിക്കവയ്യാതെ യുവതി അടുത്തിടെ ഭർതൃവീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ഭർത്താവ് യുവതിയുടെ വീട്ടിൽ എത്തി സ്‌കോർപിയോ തന്നാൽ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറയുകയായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ഇതിന് വിസമ്മതിച്ചു. ഇതോടെ ഇയാൾ മുത്വലാഖ് ചൊല്ലി വഴക്കിട്ട് പോകുകയായിരുന്നു. രണ്ടാം വിവാഹം കഴിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
Discussion about this post