തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി ഒടുവിൽ പിടിയിലായി. പരാതികൾ നൽകി ഒരു വർഷത്തിന് ശേഷമാണ് ഇയാളെ പിടികൂടുന്നത്. പ്രവീണയും മകളും ഇയാൾക്കെതിരെ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു.
ഭാഗ്യരാജ് എന്ന പ്രതിയാണ് പിടിയിലായത്. ഇയാൾ ഡൽഹിയിലാണെന്ന കാരണം പറഞ്ഞാണ് സൈബർ പോലീസ് പിടികൂടാൻ വൈകിയത്. ഇതിനിടയിലും ഇയാൾ സമാനമായ കുറ്റകൃത്യം വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്തു. ഓരോ തവണയും ലിങ്കുകൾ സൈബർ പോലീസിന് അയച്ചു നൽകിയെങ്കിലും പ്രതിയെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിയില്ല. ഒരുപാട് കേസുകൾ ഇതുപോലെ വരുന്നുണ്ടെന്ന മറുപടിയാണ് പലപ്പോഴും പോലീസ് നൽകിയത്.
മകളുടെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി വിളിച്ചപ്പോൾ ഇക്കാര്യം പറഞ്ഞു. ഒരു കാര്യം ചെയ്യു ഒരു പരാതി തരൂ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൊടുത്തു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ പരാതി ടൈപ്പ് ചെയ്തു സുരേഷ് ഗോപിക്ക് അയച്ചു കൊടുത്തു. വിവാഹ തിരക്കിനിടയിലും അദ്ദേഹം അത് ശരിയാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഫോർവേഡ് ചെയ്തു. മിനിഞ്ഞാന്നോ മറ്റോ രാത്രിയിലാണ് അദ്ദേഹം പരാതി അയച്ചത്. ഇന്നലെ പ്രതിയെ സൈബർ പോലീസ് അവിടെ പോയി അറസ്റ്റ് ചെയ്തുവെന്ന് പ്രവീണ പറഞ്ഞു.
എന്തുകൊണ്ട് പ്രതിയെ നേരത്തെ പിടികൂടിയില്ല എന്നതിൽ പ്രതിഷേധമില്ല. സങ്കടമാണ്. കാരണം ഒരു കുറ്റവാളിയെ പിടിക്കാൻ ഈസിയായി കഴിയും, പക്ഷെ പറ്റില്ല എന്ന അവസ്ഥയാണ്. ഇപ്പോൾ പെട്ടന്ന് അറസ്റ്റ് ചെയ്തുകൊണ്ടുവന്നു. എവിടെ നിന്നാണ് പെട്ടന്ന് നടപടിയുണ്ടായതെന്ന് വ്യക്തമായി അറിയില്ല. അതിന് ശേഷം സുരേഷ് ഗോപിച്ചേട്ടൻ വിളിച്ചുവെന്നും പ്രവീണ പറഞ്ഞു. പ്രവീണയുടെ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.












