റോം: ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി വ്യാപാര മേളയിൽ സംഘർഷമുണ്ടാക്കാൻ പലസ്തീൻ അനുകൂലികളുടെ ശ്രമം. ഇറ്റലിയിലെ പ്രശസ്തമായ വിസൻസഓരോ മേളയിലാണ് പലസ്തീൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധവുമായി എത്തിയത്. മേളയിൽ നാൽപതോളം രാജ്യങ്ങളിൽ നിന്ന് 1300 ലധികം വ്യാപാരികൾ പങ്കെടുക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രായേൽ വ്യാപാരികൾ പങ്കെടുക്കുന്നതിനെതിരെ ഇവർ രംഗത്ത് വന്നത്.
പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും പ്ലക്കാർഡുകളും മറ്റുമായിട്ടാണ് സ്ത്രീകൾ അടക്കമുളള പ്രതിഷേധക്കാർ എത്തിയത്. എന്നാൽ ഇവർ പുകബോംബ് എറിയുകയും പോലീസിന് നേരെ ബലപ്രയോഗം നടത്തുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘർഷത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വിസൻസ മേയർ ഗിയകോമോ പൊസാമെ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സമാധാനത്തിന് വേണ്ടി വാദിക്കുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് മേയർ ഗിയകോമോ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പ്രതിഷേധം മേളയെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പോലീസ് കിലോമീറ്ററുകൾക്ക് അപ്പുറം വെച്ചു തന്നെ പ്രതിഷേധക്കാരെ തടഞ്ഞിരുന്നു. വെളളിയാഴ്ച തുടങ്ങിയ മേള ചൊവ്വാഴ്ചയാണ് അവസാനിക്കുക.
Discussion about this post