ലഖ്‌നൗ : തിങ്കളാഴ്ച നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തലേദിവസം തന്നെ അയോധ്യയിൽ എത്തിച്ചേർന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുതൽ ചലച്ചിത്ര താരം രജനീകാന്ത് വരെയുള്ള നിരവധി പ്രമുഖരാണ് തലേദിവസം തന്നെ അയോധ്യയിൽ എത്തിയിട്ടുള്ളത്. സിനിമ, ക്രിക്കറ്റ് താരങ്ങൾ, രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രധാന സന്യാസിമാർ എന്നിങ്ങനെ വിശിഷ്ടാതിഥികളുടെ ഒരു നീണ്ട നിര തന്നെ നാളത്തെ ചടങ്ങിനായി അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്.
കാഞ്ചി കാമകോടി പീഠത്തിലെ ബഹുമാന്യ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി വിജയേന്ദ്ര സരസ്വതി ജി മഹാരാജ് ഞായറാഴ്ച തന്നെ അയോധ്യയിലെത്തി. ശ്രീരാമജന്മഭൂമി ക്ഷേത്രം അനുഷ്ഠാൻ യജ്ഞശാല അദ്ദേഹം സന്ദർശിച്ചു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭരണാധികാരികൾ ശങ്കരാചാര്യരെ സ്വീകരിച്ചു.
രാമക്ഷേത്രം ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് നടൻ രജനികാന്ത്, അനുപം ഖേർ, വിവേക് ഒബ്രോയ്, ഗായകൻ ശങ്കർ മഹാദേവൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ക്രിക്കറ്റ് താരം അനിൽ കുമ്പ്ലൈ, നടൻ രൺദീപ് ഹൂഡ, നടി ഷെഫാലി ഷാ, സ്വാമി അവധേശാനന്ദ ഗിരി, നടൻ പവൻ കല്യാൺ, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ എന്നിവരും തലേദിവസം തന്നെ അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്.
Discussion about this post