മുംബൈ: ഭാരതത്തിന്റെ നായകനാണ് ഭഗവാൻ ശ്രീരാമനെന്ന് നടൻ പവൻ കല്യാൺ. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് പോകുന്നതിനിടെ സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാറിൽ പോകുന്നതിന്റെ ദൃശ്യങ്ങളും പവൻ കല്യാൺ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ജയ് ശ്രീരാം… അയോദ്ധ്യയിലേക്കുള്ള യാത്രയിലാണ്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ പോകുന്നു. ശ്രീരാമൻ ഭാരത സംസ്‌കാരത്തിന്റെ നായകൻ ആണ്. ഭഗവാൻ ശ്രീരാമനെ അയോദ്ധ്യയിലേക്ക് തിരികെ കൊണ്ടുവരാൻ അഞ്ഞൂറ് വർഷക്കാലത്തെ പോരാട്ടം ആവശ്യമായി വന്നു- പവൻ കല്യാൺ ട്വിറ്ററിൽ കുറിച്ചു.
വെള്ള കുർത്തിയും ക്രീം നിറത്തിലുള്ള പൈജാമയും ധരിച്ചാണ് പവൻ കല്യാണിന്റെ അയോദ്ധ്യയിലേക്കുള്ള യാത്ര. കാറിൽ ഇരുന്ന അദ്ദേഹം ഭജന കേൾക്കുന്നതായി വീഡിയോയിൽ കാണാം. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഇന്നലെയാണ് പവൻ കല്യാൺ ലക്‌നൗവിൽ എത്തിയത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അദ്ദേഹം ലക്‌നൗവിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.് 500 വർഷക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ്. അതിന് വിരാമം ആകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.








