ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കിടെ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം ദമ്പതികൾ. ഫിറോസാബാദ് സ്വദേശിനി ഫർസാനയുടെ കുഞ്ഞിനാണ് റാം റഹീമെന്ന പേര് നൽകിയത്. ഹിന്ദു- മുസ്ലീം ഐക്യം എല്ലായ്പ്പാഴും നിലനിൽക്കണമെന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകുന്നത് എന്ന് കുഞ്ഞിന്റെ കുടുംബം പ്രതികരിച്ചു.
മുത്തശ്ശിയായ ഹുസ്‌ന ബാനുവാണ് കുഞ്ഞിന് പേര് നൽകിയത്. പ്രാണപ്രതിഷ്ഠ ദിനത്തിൽ ജനിക്കുന്ന കുഞ്ഞിന് ശ്രീരാമനുമായി ബന്ധപ്പെട്ട പേര് നൽകണമെന്നത് ഹുസ്‌ന ബാനുവിന്റെ ആഗ്രഹം ആയിരുന്നു. ഇത് പ്രകാരം ആണ് പേര് നൽകിയത്. ഫിറോസാബാദിലെ വനിതാ ജില്ലാ ആശുപത്രിയിൽ ആണ് ഫർസാന കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കുന്നതായി ഡോക്ടർ നവീൻ ജയ്ൻ കൂട്ടിച്ചേർത്തു.
പ്രാണപ്രതിഷ്ഠാ ദിനമായ ഇന്നലെ നിരവധി പ്രസവങ്ങളാണ് ഉത്തർപ്രദേശിൽ നടന്നത്. ആൺ കുഞ്ഞുങ്ങൾക്ക് എല്ലാം രാമന്റെയും പെൺകുഞ്ഞുങ്ങൾക്കെല്ലാം സീതയുടെയും പേരുകളാണ് രക്ഷിതാക്കൾ വ്യാപകമായി നൽകിയിരിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഗർഭിണികൾ ശ്രീരാമനെ പ്രാർത്ഥിച്ച ശേഷമായിരുന്നു പ്രസവമുറിയിലേക്ക് കയറിയത്. ഭക്തർക്ക് പ്രാർത്ഥിക്കാനായി ആശുപത്രികളിൽ ശ്രീരാമന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും ഒരുക്കിയിരുന്നു.
ഇന്നലെ നടന്ന പ്രസവങ്ങളിൽ ഭൂരിഭാഗവും സിസേറിയൻ ആയിരുന്നു. പ്രാണപ്രതിഷ്ഠയുടെ തിയതി നിശ്ചയിച്ചതിന് പിന്നാലെ നിരവധി ഗർഭിണികളാണ് സിസേറിയൻ വേണമെന്ന് ഡോക്ടർമാരോട് അഭ്യർത്ഥിച്ചിരുന്നത്. ഇത് മാദ്ധ്യമങ്ങൾ വലിയ വാർത്ത ആക്കിയിരുന്നു.









