ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബോക്‌സിംഗ് ഇതിഹാസം മേരി കോം. വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മേരി കോം അറിയിച്ചു. മേരി കോം വിരമിക്കുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം.
ബോക്‌സിംഗ് താരങ്ങളുടെ പ്രായപരിധി 40 ആണ്. തനിക്കിപ്പോൾ 41 ആയി. അടുത്ത ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആകുമോ എന്ന് അറിയില്ല എന്നുമാണ് പറഞ്ഞത്. ഈ വാക്കുകളെ മാദ്ധ്യമങ്ങൾ തെറ്റായി മനസിലാക്കിയതാണെന്നും താരം പറഞ്ഞു. വിരമിക്കൽ തീരുമാനിക്കുമ്പോൾ അത് നേരിട്ട് മാദ്ധ്യമങ്ങളുടെ മുന്നിൽ എത്തി പറയുമെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഞാൻ പറഞ്ഞ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണ്. വിരമിക്കൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ ദിവസം ദിബ്രുഗഡിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ കുട്ടികൾക്കുള്ള പ്രചോദനമായി സംസാരിച്ചിരിക്കുകയായിരുന്നു. കായിക രംഗത്ത് നേട്ടമുണ്ടാക്കാൻ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. എന്നാൽ, ഒളിമ്പിക്‌സിലെ പ്രായപരിധി എന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ല. ഞാൻ ഇപ്പോഴും എന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ വയ്ക്കുന്നുണ്ട്. വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും’- മേരി കോം വ്യക്തമാക്കി.
ആറ് തവണ ലോക ചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്‌സർ എന്ന റെക്കോർഡിനുടമയാണ് മേരി കോം. 2011 ഒളിമ്പിക്‌സിൽ വെങ്കലം നേടിയ താരം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്‌സറാണ്. 2016- 2022 ൽ രാജ്യസഭാംഗമായിരുന്ന മേരി കോം അർജുന അവാർഡ്, ഖേൽ രത്‌ന പുരസ്‌കാരം, പത്മ പുരസ്‌കാരങ്ങൾ എന്നിവയ്ക്ക് അർഹയായിട്ടുണ്ട്.
Discussion about this post