ലക്‌നൗ: ജ്ഞാൻവാപിയിൽ നടത്തിയ സർവ്വേയിൽ സംശയം പ്രകടിപ്പിച്ച് മസ്ജിദ് കമ്മിറ്റി. സർവ്വേയിൽ കണ്ടെത്തിയെന്ന് പറയുന്ന വിഗ്രഹങ്ങൾ ശിൽപ്പികൾ കൊണ്ടിട്ടതാകാമെന്ന് അൻജുമാൻ ഇന്തിസാമിയ മസ്ജിദ് കമ്മിറ്റി പ്രതികരിച്ചു. സർവ്വേ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയ സർവ്വേയുടെ റിപ്പോർട്ട് പുരാവസ്തു വകുപ്പ് പുറത്തുവിട്ടത്.
ജ്ഞാൻവാപി മസ്ജിദ് പരിസരത്ത് നേരത്തെ ശിൽപ്പികൾ വ്യാപാരം നടത്തിയിരുന്നു. ഇവരാകാം ഹൈന്ദവ വിഗ്രഹങ്ങൾ ഇവിടെ കൊണ്ടിട്ടുണ്ടാകുക. നിലവിലേത് കേവലം ഒരു റിപ്പോർട്ട് മാത്രമാണ്. അന്തിമ വിധിയല്ല. നേരത്തെയും സമാന രീതിയിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതാണ്. അതുകൊണ്ട് തന്നെ അന്തിമ വിധിയായി ഇതിനെ കാണാൻ കഴിയില്ല.
1991 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം തങ്ങളുടെ ഭാഗമാണ് ശരിയെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പരിശോധിക്കാൻ നിയമവിദഗ്ധരെ ചുമതലപ്പെടുത്തുമെന്ന് മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ അഖ്‌ലഖ് അഹമ്മദും പ്രതികരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല തർക്ക മേഖലയിൽ നിലനിന്നിരുന്നത് ക്ഷേത്രമാണെന്ന് ഹിന്ദുക്കൾ വാദിക്കുന്നത്. തങ്ങൾക്ക് ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അതിന് ശേഷമേ വിശദമായ വിവരങ്ങൾ അറിയാൻ സാധിക്കൂ.
ക്ഷേത്രത്തിന്റെ വിഗ്രഹങ്ങൾ അല്ല അവിടെ നിന്നും ലഭിച്ചത് എന്ന കാര്യം വ്യക്തമാണ്. നേരത്തെ ഇവിടെ ശിൽപ്പികൾ വ്യാപാരം നടത്തിയിരുന്നു. ആ സമയത്ത് ഉപേക്ഷിച്ച വിഗ്രഹങ്ങൾ ആകാം ഇതെന്നും അഹമ്മദും വ്യക്തമാക്കി.
Discussion about this post