വയനാട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. സുൽത്താൻബത്തേരി ചീരാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അലീന ബെന്നി ആണ് ആത്മഹത്യ ചെയ്തിരുന്നത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ എന്ന 20 വയസ്സുകാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് നൂൽപ്പുഴ പോലീസ് ആദിത്യനെതിരെ കേസെടുത്തിരിക്കുന്നത്. അലീനയും ആദിത്യനും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഹൃദത്തിൽ ആകുന്നത്. ഇവർ തുടർച്ചയായി ചാറ്റ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ആദിത്യന് മറ്റൊരു പെൺകുട്ടിയുമായും പ്രണയമുണ്ടെന്ന് മനസ്സിലായതോടെ അലീന ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഇരുപതിനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അലീനയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചാറ്റുകൾ പുറത്തെടുത്തത്. തുടർന്ന് നൂൽപ്പുഴ പോലീസ് എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും ആണ് ആദിത്യനെ അറസ്റ്റ് ചെയ്തത്.
Discussion about this post