ന്യൂഡൽഹി : ദയാഹത്യക്ക് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ. തങ്ങളുടെ മൂന്നു മക്കളിൽ രണ്ടുപേർക്കും അപൂർവ്വ രോഗമാണെന്നും ജീവിക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ കുടുംബത്തിലെ അഞ്ച് പേരെയും ദയാഹത്യ നടത്താൻ അനുമതി നൽകണമെന്നാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കൊഴുവനാൽ സ്വദേശികളായ സ്മിത ആൻ്റണിയും മനു ജോസഫും ആണ് ദയാഹത്യക്കായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടു കുട്ടികളുടെയും ചികിത്സ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത് എന്നാണ് ഈ ദമ്പതികൾ വെളിപ്പെടുത്തുന്നത്.
പ്രധാനപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അഡ്രീനൽ ഗ്രന്ഥികളെ ബാധിക്കുന്ന ജനിതക വൈകല്യങ്ങളുടെ ഒരു കൂട്ടമായ CAH ൻ്റെ ഏറ്റവും കഠിനമായ രൂപമാണ് സ്മിതയുടെയും മനുവിന്റെയും രണ്ടു കുട്ടികളെ ബാധിച്ചിരിക്കുന്നത്. നെഴ്സ് ആയി ജോലി ചെയ്തു വന്നിരുന്നവരായിരുന്നു സ്മിതയും മനുവും. എന്നാൽ കുഞ്ഞുങ്ങളുടെ അസുഖവും ചികിത്സകൾ മൂലം രണ്ടുപേർക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
CAH അസുഖത്തോടൊപ്പം ഈ ദമ്പതികളുടെ മൂത്ത കുട്ടിക്ക് 90% ഓട്ടിസം ബാധ കൂടി ഉണ്ട്. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ എപ്പോഴും കൂടെ വേണ്ട അവസ്ഥയാണ് ഉള്ളത്. ചികിത്സാസഹായത്തിനായി പഞ്ചായത്തിനെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ല. ഇതോടെയാണ് കുടുംബത്തെ മുഴുവൻ ദയാവധം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post