തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപികയും വിവാഹിതരായി. ഇന്ന് രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽവച്ചായിരുന്നു ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് താലി ചാർത്തിയത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലളിതമായിട്ടായിരുന്നു ചടങ്ങുകൾ. വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കസവ് സാരിയായിരുന്നു ഗോപികയുടെ വിവാഹ വസ്ത്രം. ആഭരണങ്ങൾ അണിയുന്നതിലും ലാളിത്യമുണ്ടായിരുന്നു. വിവാഹ ചിത്രങ്ങൾ ഗോവിന്ദ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിന് താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുള്ളത്. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടായിരുന്നു ഇരുവരുടെയും ഗോവിന്ദ് ഗോപികയുമായുള്ള വിവാഹത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ വിവാഹ തിയതിയും പുറത്തുവിട്ടിരുന്നു.
വിവാഹ വിശേഷങ്ങൾ താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർക്കായി പുറത്തുവിട്ടിരുന്നു. ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി എന്നീ ചടങ്ങുകളുടെയെല്ലാം വിവരങ്ങൾ വീഡിയോയിലൂടെയാണ് ആരാധകർ അറിഞ്ഞത്. മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ പോയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post