ഇസ്ലാമാബാദ്: ജോലിക്കാരനെ ഷൂ കൊണ്ട് ക്രൂരമായി മർദ്ദിക്കുന്നപ്രശസ്ത പാക് ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ പുറത്ത്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം. തനിക്കറിയില്ലെന്ന് അയാൾ പറഞ്ഞിട്ടും ഗായകൻ വിട്ടില്ല. മുടിയിൽ കുത്തിപ്പിടിച്ചും കുനിച്ച് നിർത്തിയുമാണ് ചെരിപ്പ് കൊണ്ട് തല്ലിയത്. മർദനമേറ്റയാൾ നിലത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ ജലം സൂക്ഷിച്ച കുപ്പി സ്ഥലം മാറ്റി വച്ചതിൽ പ്രകോപിതനായാണ് മർദ്ദനം. ഗായകൻ മദ്യലഹരിയിലായിരുന്നുവെന്നും വിവരങ്ങളുണ്ട്.
സംഭവം വിവാദമായതോടെ പിന്നാലെ വിശദീകരണവുമായി ഖവാലി ഗായകൻ രംഗത്തെത്തി. ഇത് ഉസ്താദും ശിഷ്യനും തമ്മിലെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ന്യായീകരണം. താൻ മർദിച്ചയാളെയും അയാളുടെ പിതാവിനെയും അടുത്തു നിർത്തി വീഡിയോയിലൂടെയാണ് റാഹത്ത് ഫത്തേ അലി ഖാൻ വിശദീകരണം നൽകിയത്.
ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. ശിഷ്യൻ എന്തെങ്കിലും നല്ലത് ചെയ്താൽ ഞാൻ അവനു മേൽ എൻറെ സ്‌നേഹം വർഷിക്കും, അവൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കും’- റാഹത്ത് ഫത്തേ അലി ഖാൻ പറഞ്ഞു. സംഭവത്തിന് ശേഷം താൻ മാപ്പ് പറഞ്ഞതായും റാഹത് ഫത്തേ അലി ഖാൻ വീഡിയോയിൽ പറഞ്ഞു.













Discussion about this post