മലപ്പുറം : പ്രണയബന്ധവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്. നിലമ്പൂർ സ്വദേശി മുഹമ്മദ് ജാസിത്ത് ആണ് ആത്മഹത്യ ചെയ്തത്.
സംഭവത്തെ തുടർന്ന് പോലീസിനെതിരെ ആരോപണവുമായി യുവാവിന്റെ കുടുംബവും രംഗത്തെത്തി. പ്രണയബന്ധവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് മുഹമ്മദ് ജാസിത്തിനെ നിരന്തരമായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പോലീസിനെതിരായ ആരോപണം.
പോലീസ് തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണെന്നും തനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ തയ്യാറാവുന്നില്ല എന്നും മുഹമ്മദ് ജാസിത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ നിലമ്പൂർ പോലീസും പ്രണയിച്ചിരുന്ന യുവതിയുടെ മാതാവും ആയിരിക്കും മരണത്തിന് ഉത്തരവാദി എന്നും മുഹമ്മദ് ജാസിത്ത് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.








