പാലക്കാട്; ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ ശിക്ഷ വിധിച്ച് കോടതി. മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിൽ വിചാരണ നേരിട്ട 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിഷ്ഠൂരമായ ക്രൂരത നടത്തിയ ഇവർ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുടുംബത്തിന്റെ മുന്നിൽ വച്ചാണ് രൺജിത്തിനെ കൊലപ്പെടുത്തിയിരുന്നത്.
നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ.
2021 ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലുള്ള വീട്ടിൽ കയറി പുലർച്ചെയാണ് പോപപ്ുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഭീകരർ സംസ്ഥാനം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രൺജിത്തിനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.












