ഇസ്ലാമാബാദ്: അധികാരത്തിലിരിക്കുമ്പോൾ നയതന്ത്ര സന്ദേശം പരസ്യമാക്കി രാജ്യത്തിൻ്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുൻ വിദേശ കാര്യവകുപ്പ് മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെയും 10 വർഷം തടവിന് ശിക്ഷിച്ച് പാക് കോടതി. ഫെബ്രുവരി 8 ന് പാകിസ്താനിൽ ജനറൽ ഇലക്ഷൻ നടക്കാനിരിക്കെയാണ് കേസിന്റെ വിധി വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
വാഷിംഗ്ടണിലെ പാക് അംബാസഡർ സർക്കാരിന് അയച്ച രഹസ്യ കേബിളിൻ്റെ ഉള്ളടക്കം ഇമ്രാൻ ഖാൻ പൊതുമദ്ധ്യത്തിൽ പങ്കുവെച്ചുവെന്നാണ് കേസ്. പ്രത്യേക കോടതി ജഡ്ജി അബുവൽ ഹസ്നത്ത് മുഹമ്മദ് സുൽഖർനൈൻ ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിച്ചതായി ഇമ്രാൻ ഖാൻ്റെ അഭിഭാഷകൻ ഷോയിബ് ഷഹീൻ ആണ് വ്യക്തമാക്കിയത് . അദ്ദേഹത്തിൻ്റെ മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഇതേ കേസിൽ 10 വർഷം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചിട്ടുണ്ട്.
അതെ സമയം ഇതൊരു കെട്ടിച്ചമച്ച കേസ് ആണെന്നും പാകിസ്താൻ ഇമ്രാൻ ഖാനോടൊപ്പം നിൽക്കുന്നു എന്നും വ്യക്തമാക്കി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹെറേക് ഇ ഇൻസാഫ് രംഗത്ത് വന്നു.
“പാകിസ്ഥാനെ പ്രതിരോധിക്കുകയും ഹഖീഖി ആസാദിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ഇമ്രാൻ ഖാനും ഷാ മെഹമൂദ് ഖുറേഷിക്കുമൊപ്പമാണ് പാകിസ്ഥാൻ നിലകൊള്ളുന്നത്. ഡൊണാൾഡ് ലൂവിൻ്റെ ഉത്തരവനുസരിച്ച് 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സംഭവിച്ചത് മാറ്റാൻ അത്തരം വ്യാജ വിചാരണയ്ക്ക് കഴിയില്ല, ” അദ്ദേഹത്തിന്റെ പാർട്ടി ആയ പാകിസ്താൻ തെഹെരേക് ഇ ഇൻസാഫ് സമൂഹമാദ്ധ്യമമായ എക്‌സിൽ വ്യക്തമാക്കി
Discussion about this post