തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് പോലീസും സിആർപിഎഫും തമ്മിൽ ധാരണയായി. ഗവർണറുടെ വാഹനത്തിന് മുന്നിലും പുറകിലും ഇനി മുതൽ സിആർപിഎഫിന്റെ വാഹനം സുരക്ഷയൊരുക്കും. ഗവർണറുടെ വാഹനത്തിനുള്ളിലും സിആർപിഎഫ് ആയിരിക്കും സുരക്ഷയൊരുക്കുക. പോലീസിന്റെ പൈലറ്റ് വാഹനവും ലോക്കൽ പോലീസിന്റെ വാഹനവും ഈ വാഹന വ്യൂഹത്തോടൊപ്പമുണ്ടാകും.
കേരള പോലീസിന്റെ കമാന്റോ വിഭാഗത്തിനായിരുന്നു ഗവർണറുടെ സുരക്ഷാ ചുമതല. നേരത്തെ ഗവർണർക്ക് സിർപിഎഫ് സുരക്ഷ ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്ഭവനിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുരക്ഷ എങ്ങനെയെന്ന കാര്യത്തിൽ ധാരണയായത്.
ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണ്. രാജ്ഭവന്റെ ഗേറ്റിന് മുന്നിലെയും പുറത്തെയും സുരക്ഷാ ചുമതലയും പോലീസിനാണ്. ഗേറ്റിനുള്ളിലും രാജ്ഭവനുള്ളിലും സിആർപിഎഫ് സുരക്ഷയൊരുക്കും.
യോഗത്തിലെ തീരുമാനങ്ങൾ സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കുകയും അദ്ദേഹം ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ വിവരമറിയിക്കുകയും ചെയ്യും. തുടർന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവായി പുറത്തിറക്കും.
Discussion about this post