ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിനായി വെള്ളി ചൂൽ സമ്മാനമായി നൽകി രാമഭക്തൻ. പൂർണമായി വെള്ളിയിൽ തീർത്ത 1.75 കിലോയുടെ വെള്ളി ചൂലാണ് ക്ഷേത്രത്തിന് സമ്മാനമായി നൽകിയത്. അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ് വെള്ളി ചൂൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സമർപ്പിച്ചത്. രാംലല്ലയുടെ ഗർഭഗൃഹം ശുചീകരിക്കാനായി ഇത് ഉപയോഗിക്കുമെന്ന് രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
‘അഖില ഭാരതീയ മംഗ് സമാജിലെ ശ്രീരാമ ഭക്തർ രാമജന്മ ഭൂമി തീർത്ഥ ട്രസ്റ്റിന് വെള്ളി ചൂൽ സമർപ്പിച്ചിരിക്കുന്നു. ശ്രീരാമന്റെ ഗർഭഗൃഹം ശുചിയാക്കണമെന്ന് അഭ്യർത്ഥനയുമായാണ് ഇവർ വെള്ളി ചൂൽ സമർപ്പിച്ചത്. വെള്ളി ചൂലിന് 1.751 കിലോഗ്രാം ഭാരമുണ്ട്’- വെള്ളി ചൂലിന്റെ വീഡിയോ പങ്കു വച്ചുകൊണ്ട് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ട്വിറ്ററിൽ കുറിച്ചു. രാമഭക്തർ വെള്ളി ചൂൽ ശിരസിൽ വച്ച് ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നത് വീഡിയോയിൽ കാണാം.
ജനുവരി 22ലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിന് ശേഷം അടുത്ത ദിവസമാണ് പൊതുജനങ്ങൾക്ക് വേണ്ടി ക്ഷേത്രം തുറന്നുകൊടുത്തത്. ക്ഷേത്രം തുറന്നുകൊടുത്ത ആദ്യ ദിവസം തന്നെ അഞ്ച് ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. നിരവധിയാളുകളാണ് രാംലല്ലക്ക് സമ്മാനിക്കാൻ സമ്മാനങ്ങളുമായി എത്തുന്നത്.
Discussion about this post