ന്യൂഡൽഹി:അതി നിർണായകമായ വിതരണ ശൃംഖലകളും നേരിട്ടുള്ള വിദേശ നിക്ഷേപവും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഒഴുകാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയേക്കാൾ കൂടുതൽ അത് മറ്റ് രാജ്യങ്ങളിലേക്കാണ് പോയതെന്നും അതിനു ഒരു മാറ്റം ഉണ്ടാകാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും തുറന്ന് പറഞ്ഞ് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗ്രാസെറ്റി.
എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറുന്നത് കാണാൻ അമേരിക്ക ആഗ്രഹിക്കുന്നു, “എന്നാൽ നിങ്ങൾ സത്യസന്ധമായ കണക്കുകൾ നോക്കുകയാണെങ്കിൽ… എഫ്ഡിഐ ഇന്ത്യയിലേക്ക് ഒഴുകുന്നത് അത് ആവശ്യമായ വേഗത്തിലല്ല. പകരം, അത് തെക്കുകിഴക്കൻ ഏഷ്യയിലേക്കും വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്കും പോകുന്നു,” അദ്ദേഹം പറഞ്ഞു.
ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ, “അമൃതകൽ-ആത്മനിർഭർ ഭാരതിൽ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഗാർസെറ്റി.
കയറ്റുമതി നിയന്ത്രണങ്ങൾ, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ), കോർപ്പറേറ്റ് നികുതി വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ന്യൂ ഡൽഹി കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരണം. അതല്ലെങ്കിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും തങ്ങളുടെ മുഴുവൻ സാധ്യതകളും പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞെന്നു വരില്ല അദ്ദേഹം പറഞ്ഞു. യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സാങ്കേതികമായ തടസ്സങ്ങൾ ഇന്ത്യൻ സർക്കാർ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു സ്വയം പര്യാപ്തമായ ഇന്ത്യ നിലവിൽ വരണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു, എന്നാൽ ഈ സ്വയം പര്യാപ്തതയെ ഇന്ത്യ ഒരു കോട്ട പോലെ കാണരുത്. അത് ഇരു രാജ്യങ്ങളും അവരുടെ പൂർണ്ണ സാദ്ധ്യതകൾ വിനിയോഗിക്കുന്നതിൽ നിന്നും പരസ്പരം തടയും. കാരണം ഇന്ന് എല്ലാ രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഇന്നത്തെ കാലത്ത് പൂർണ്ണമായ സ്വയം പര്യാപ്തത ഒരു രാജ്യത്തിനും നേടിയെടുക്കുവാൻ കഴിയുകയില്ല ഗ്രാസെറ്റി വ്യക്തമാക്കി.
ഇന്ത്യൻ കമ്പനികൾ ഇന്ന് ശക്തരാണ് അവർക്ക് അമേരിക്കയുൾപ്പെടെ ലോകത്ത് എവിടെയും മത്സരിക്കുവാനും തൊഴിലുകൾ നിർമ്മിക്കുവാനും കഴിവുണ്ട് അത് കൊണ്ട് തന്നെ, അമേരിക്കയെ നിങ്ങൾ ചൂഷണം ചെയ്യാൻ വരുന്ന പഴയ മാതൃകയിലുള്ള അധിനിവേശ ശക്തിയായി കണക്കാക്കേണ്ടതില്ല.
ഇത് തുല്യരുടെ ഒരു ബന്ധമാണ്, നമ്മുടെ രണ്ട് ഗവൺമെൻ്റുകളുടെയും ഇടയിലുള്ള മതിലുകൾ തകരുമ്പോൾ അവ കൂടുതൽ ജോലികൾ, കൂടുതൽ അഭിവൃദ്ധി, കൂടുതൽ നിക്ഷേപം എന്നിവയോ അതിൽ കൂടുതലോ ആണ് വാഗ്ദാനം ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു
അമേരിക്കയ്ക്ക് അതി നിർണായകമായ വിതരണ ശൃംഖലകൾ ചൈനയിൽ നിന്നും മാറി ഇന്ത്യയിലേക്ക് വരുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അതിനു വേണ്ടി ഇന്ത്യ അവരുടെ കമ്പോളങ്ങൾ ഒരല്പം കൂടെ തുറന്നിടേണ്ടത് അങ്ങേയറ്റം ആവശ്യമാണ്. അതിലൂടെ ഒരു ഇന്തോ – അമേരിക്കൻ മുന്നേറ്റം തന്നെയാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്
Discussion about this post