തൃശൂർ : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച 88 ലക്ഷത്തോളം രൂപ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ പ്രതിസന്ധിയിലായി ഹൈക്കോടതിയോട് ദയാവധത്തിന് അപേക്ഷിച്ച നിക്ഷേപകന് താൽക്കാലിക ആശ്വാസം. മാപ്രാണം സ്വദേശി വടക്കേതല ജോഷി ആണ് ദയാവധത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ ചികിത്സ മുടങ്ങിയെന്ന് ജോഷി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
ജോഷിയുടെ കരുവന്നൂർ ബാങ്കിലെ സ്ഥിരനിക്ഷേപ തുകയായ 28 ലക്ഷം രൂപയാണ് ഇപ്പോൾ ബാങ്ക് മടക്കി നൽകിയിരിക്കുന്നത്. ബാക്കി 60 ലക്ഷം രൂപ മൂന്നുമാസത്തിനുള്ളിൽ തിരിച്ചു നൽകാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ഇതോടെ ബാങ്കിന് മുമ്പിൽ നടത്തിയിരുന്ന കുത്തിയിരുപ്പ് സമരം ജോഷി അവസാനിപ്പിച്ചു.
രണ്ട് തവണ ബ്രെയിൻ ട്യൂമർ ബാധിക്കുകയും നിരവധിതവണ ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്ത വ്യക്തിയാണ് ജോഷി. 88 ലക്ഷം രൂപയോളം കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിട്ടും കഴിഞ്ഞ കുറച്ചു നാളുകളായി സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ പോലും മുടങ്ങിയ അവസ്ഥയിലാണ് തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോഷി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post