ന്യൂഡൽബി: ഝാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ അറസ്റ്റിലായാൽ ഭാര്യയെ മുഖ്യമന്ത്രിയായി അവരോധിക്കാൻ പദ്ധതിയുമായി പാർട്ടി. ഭാര്യ കൽപ്പനയെ മുഖ്യമന്ത്രിയാക്കാൻ നീക്കം ആരംഭിച്ചു. റാഞ്ചിയിലെ പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ കൽപനയും പങ്കെടുത്തു.
ഒഡീഷയിലെ മയൂർബഞ്ച് സ്വദേശിയാണ് 48 കാരിയായ കൽപ്പന. എൻജിനീയറിങ്, എംബിഎ ബിരുദധാരി. കൽപന മുഖ്യമന്ത്രിയായാൽ മത്സരിക്കുന്നതിനായി ഗാണ്ഡേയ് മണ്ഡലത്തിലെ എംഎൽഎ സർഫറാസ് അഹമ്മദ് രാജിവച്ചിട്ടുണ്ട്. 81 അംഗ നിയമസഭയിൽ ജെഎംഎം കോൺഗ്രസ് ആർജെഡി സഖ്യത്തിന് 47 സീറ്റുണ്ട്.
ഇ.ഡിയുടെ ചോദ്യംചെയ്യലിന് സോറൻ ഇന്നുച്ചയ്ക്ക് ഹാജരായേക്കുമെന്നാണ് വിവരം. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയതുമായി ബന്ധപ്പെട്ട കുംഭകോണക്കേസിലാണ് സോറനെ ഇഡി ചോദ്യം ചെയ്യുക. ഭൂമി കുംഭകോണക്കേസിൽ നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൽപ്പനയെ അടുത്ത മുഖ്യമന്ത്രിയാക്കാൻ ആലോചിക്കുന്നത്.
ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കിൽപ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. 27നു ഡൽഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതർ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. 24 മണിക്കൂറായി മുഖ്യമന്ത്രിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഇഡി അറിയിച്ചതോടെ സോറനെ കാണാതായതായി ബി ജെ പി പരിഹസിച്ചിരുന്നു.
2020 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ.ഡി. റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ 8 സമൻസും അവഗണിച്ച സോറൻ ഈ മാസം 20നു ചോദ്യംചെയ്യലിനു ഹാജരായിരുന്നു.
Discussion about this post