ആലപ്പുഴ: ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് പോലീസ് സുരക്ഷ. പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധശിക്ഷ വിധിച്ച മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വിജി ശ്രീദേവിക്കാണ് സുരക്ഷ ശക്തമാക്കിയത്. ജഡ്ജിയുടെ ക്വാർട്ടേഴ്‌സിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്കാണ് സുരക്ഷാ ചുമതല.
ഇന്നലെയാണ് രൺജീത്ത് കൊലക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികൾ ഉയർന്നിരുന്നു. ജഡ്ജിയുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പോപ്പുലർഫ്രണ്ട് ഭീകരരുടെ ഫേസ്ബുക്ക് പേജുകളിൽ ഭീഷണികൾ ഉയർന്നത്. ജഡ്ജിയുടെ പദവിയെ പോലും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകൾ.
അതേസമയം, രൺജീത്ത് കൊലക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post