തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്ക് വീണ്ടും കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യയെ (31) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. നിലവിൽ മൂന്ന് പോക്സോ കേസുകളിൽ യുവതി ശിക്ഷ അനുഭവിച്ചുവരികയാണ്.
വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക കഠിന തടവുകൂടി അനുഭവിക്കണം.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂൾ അവധിക്കാലത്ത് ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയുമായി സന്ധ്യ സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇത് ദുരുപയോഗം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പിന്നീട് കുളിക്കുന്ന സമയത്ത് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ എടുക്കുകയും കഴുത്തിൽ കിടന്ന സ്വർണമാല നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാല വാങ്ങുകയും ചെയ്തു.
പിന്നീടും സന്ധ്യ ക്രൂരത തുടർന്നു. മറ്റൊരു ദിവസം സുഹൃത്തിനോടൊപ്പം ചേർന്ന് പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. മദ്യം നൽകിയാണ് പീഡിപ്പിച്ചത്. ഈ കേസിലെ രണ്ടാ പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
അതേസമയം ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കേസിലും കാട്ടാക്കട പോക്സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു. ആലപ്പുഴ ജില്ലാ കോടതിയും മറ്റൊരു കേസിൽ സന്ധ്യയെ ശിക്ഷിച്ചിരുന്നു.












