ജെറുസലേം : ഒൿടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാൾ ഒളിവിൽ കഴിഞ്ഞിരുന്നത് വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രായേൽ കമാൻഡോ സംഘം വെസ്റ്റ് ബാങ്ക് ആശുപത്രിയിൽ എത്തി ഇയാളെ അടക്കം മൂന്ന് ഹമാസ് തീവ്രവാദികളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. വേഷം മാറി ആശുപത്രി ജീവനക്കാരുടെ വേഷത്തിൽ ആയിരുന്നു ഇസ്രായേൽ കമാൻഡോ സംഘം ആശുപത്രിയിൽ എത്തി കൃത്യം നടത്തിയത്.
വെസ്റ്റ് ബാങ്കിലെ ഇബ്ൻ സിന ആശുപത്രിയിലായിരുന്നു ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ആസൂത്രകരിലൊരാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാളോടൊപ്പം മറ്റു രണ്ടു ഭീകരർ കൂടി ആശുപത്രിയിൽ ഒളിവിൽ കഴിഞ്ഞിരുന്നു. ഇവർ വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ ഒളിവിൽ കഴിയുന്നതായുള്ള വിവരം ലഭിച്ച ശേഷം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞദിവസം പുലർച്ചെ ആശുപത്രി ജീവനക്കാരുടെ വേഷത്തിൽ ഇസ്രായേൽ സൈന്യത്തിലെ കമാൻഡോ സംഘം ഈ ആശുപത്രിയിൽ എത്തിയത്.
പത്തോളം വരുന്ന കമാൻഡോ സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. മൂന്ന് ഹമാസ് ഭീകരരെയാണ് കമാൻഡോ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഹമാസ് തീവ്രവാദികൾക്ക് പലസ്തീൻ ആശുപത്രികളിൽ അടക്കം അഭയം കൊടുക്കുകയാണ് എന്നുള്ള ഇസ്രായേലിന്റെ വാദത്തിന് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞദിവസം നടന്ന ഓപ്പറേഷൻ.
Discussion about this post