ന്യൂഡൽഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ ദുരിത നിവാരണ സംഘമായ യുഎൻആർഡബ്ല്യുഎ യിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഇസ്രായേൽ ആരോപണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് ഇന്ത്യൻ സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കി. അതേസമയം വിഷയത്തിൽ യുഎൻ ഏജൻസി നടത്തിയ അന്വേഷണത്തെ രാജ്യം സ്വാഗതം ചെയ്തു.
ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ തീവ്രവാദ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയിലെ 12 ഓളം ഉദ്യോഗസ്ഥർ ഉൾപെട്ടിട്ടുണ്ടെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. പലസ്തീനിൽ പ്രവർത്തിക്കുന്ന യുഎൻആർഡബ്ല്യുഎ, ഹമാസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം ആയി മാറിയിട്ട് കാലമേറെയായി എന്ന് വിവിധ ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേൽ പുറത്ത് വിട്ടതോടെയാണ് ലോകരാജ്യങ്ങൾക്കും ഇതിന്റെ സത്യാവസ്ഥ മനസിലായത്. ഇതേ തുടർന്ന് അമേരിക്ക, ബ്രിട്ടൺ, കാനഡ, ജപ്പാൻ, ജർമ്മനി തുടങ്ങിയ നിരവധി രാജ്യങ്ങൾ ഐക്യ രാഷ്ട്ര സഭയുടെ ദുരിത നിവാരണ സംഘത്തിനുള്ള ധനസഹായം നിർത്തി വച്ചിരുന്നു. യു എൻ ഏജൻസിയെ ഇനി വിശ്വാസത്തിലെടുക്കാൻ ആകില്ല എന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രസിഡന്റ് നെതന്യാഹുവും രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇന്ത്യയുടെ പ്രതികരണം വന്നിരിക്കുന്നത്
പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, യുഎൻ ഏജൻസിക്കുള്ള ധനസഹായം ഇന്ത്യ ഇതുവരെ വെട്ടിക്കുറച്ചിട്ടില്ലെങ്കിലും, പക്ഷേ ഹമാസിൻ്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നത് തുടരുകയാണ്.
പലസ്തീൻ ജനതയോട് അനുകമ്പ പുലർത്തുന്ന നയം ആണ് ഞങ്ങൾ പിന്തുടരുന്നത് എങ്കിലും ഞങ്ങൾക്ക് ഭീകരതയോട് ഒട്ടും സഹിഷ്ണുത പുലർത്തില്ല എന്ന നയവുമുണ്ട് അതുകൊണ്ട് തന്നെ ഒക്‌ടോബർ 7-ലെ ഭീകരാക്രമണത്തിൽ യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണങ്ങളിൽ ഞങ്ങൾക്ക് അതീവ ഉത്കണ്ഠയുണ്ട്. അതിനാൽ തന്നെ പ്രസ്തുത വിഷയത്തിൽ യുഎൻ ആരംഭിച്ച അന്വേഷണങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദേശ കാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു
Discussion about this post