റാഞ്ചി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. ബുധനാഴ്ച്ച രാത്രിയോടെയാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇന്നലെ പിഎംഎൽഎ കോടതി സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹൈക്കോടതി സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടത്. ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.
സോറന്റെ വസതിയിൽ നടന്ന പരിശോധനയിൽ 36 ലക്ഷത്തിലധികം രുപയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. 8.5 ഏക്കർ ഭൂസ്വത്തുക്കളാണ് വഴിവിട്ട രീതിയിൽ ഹേമന്ത് സോൻ സമ്പാദിച്ചിട്ടുള്ളതായി ഇഡി കണ്ടെത്തിയിട്ടുള്ളത്.
ഇൗ അഴിമതിയിൽ റെവന്യൂ സബ് ഇൻസ്‌പെക്ടറായിരുന്ന ഭാനു പ്രതപ് പ്രസാദിനും പങ്കുള്ളതായാണ് കണ്ടെത്തൽ. ഇരുവരും തമ്മിൽ ഭൂമി ഇടപാടുകൾ ഉൾപ്പെടെ നടത്തിയതിന്റെ രേഖകൾ രണ്ടു പേരുടെയും കയ്യിൽ നിന്നും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് ഭാനു പ്രതാപ് പ്രസാദിന്റെ വസതിയിൽ പരിശോധന നടത്തി ഭൂമി ഇടപാടുകളുടെ വിവിധ രേഖകൾ ഇഡി പിടിച്ചെടുത്തത്.
ഭീഷണിയിലൂടെയും യഥാർത്ഥ രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാർ രേഖകളിൽ ഉൾപ്പെടെ കൃത്രിമം കാണിച്ചും ഉൾപ്പെടെയാണ് ഇവർ അഴിമതി നടത്തിയിരുന്നതെന്ന് ഇഡി വ്യക്തമാക്കി.
Discussion about this post