കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സിപിഐഎം നടത്തിയ പീഡനങ്ങൾ ഒരുകാലത്തും പൊറുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ്-സിപിഐഎം സഖ്യത്തിനൊപ്പം നിൽക്കാൻ ഒരിക്കലും തൃണമൂൽ കോൺഗ്രസിന് സാധിക്കില്ലെന്നും മമത വ്യക്തമാക്കി. അനുനയ ശ്രമങ്ങൾ നടത്തുന്ന കോൺഗ്രസിനെയും മല്ലികാർജുൻ ഖാർഗെയും രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് മമത തന്റെ നിലപാട് വ്യക്തമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നും മമത ബാനർജി വ്യക്തമാക്കി. സിപിഐഎമ്മുമായി കോൺഗ്രസ് സഖ്യത്തിൽ ഏർപ്പെടുന്നത് ബിജെപിയെ ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ എന്നും മമത അഭിപ്രായപ്പെട്ടു. ബംഗാളിലെ 42 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും എന്നും മമത ബാനർജി വ്യക്തമാക്കി.
“ബംഗാൾ നിയമസഭയിൽ കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ല. എന്നിട്ട് പോലും ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് ഞാൻ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ വെറും സീറ്റ് കൊണ്ട് തൃപ്തിപ്പെടാൻ അവർ തയ്യാറായില്ല. ബംഗാളിൽ സിപിഐഎമ്മിനെ ആണ് അവർ നേതാവായി കാണുന്നത്. എന്നാൽ എനിക്ക് ഒരിക്കലും സിപിഐഎമ്മിനോടോ അവരുടെ ചെയ്തികളോടോ പൊറുക്കാൻ കഴിയില്ല. ബംഗാളിൽ ബിജെപിയെ നേരിടാനുള്ള ശേഷി തൃണണമൂലിന് മാത്രമേ ഉള്ളൂ” എന്നും മമത ബാനർജി വ്യക്തമാക്കി.
Discussion about this post