വിശാഖപട്ടണം: ഒറ്റയാൾ പോരാട്ടവുമായി തേജസ്വി ജയ്‌സ്വാൾ നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 336 റൺസിന് ആറു വിക്കറ്റ് എന്ന ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. 179 റൺസുമായി ജെയ്‌സ്വാളും 5 റൺസുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ ജയ്‌സ്വാൾ ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും അർദ്ധ സെഞ്ച്വറി പോലും നേടാനായിട്ടില്ല.
നേരത്തെ ടോസ് നേടിയ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിംഗ് ഇലവനിൽ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. പരിക്കേറ്റ കെ എൽ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പകരം ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന രജത് പാട്ടീദാറും കുൽദീപ് യാദവും ടീമിൽ ഇടംപിടിച്ചു. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാർ രംഗത്തെത്തി. മറുവശത്ത്, കഴിഞ്ഞ വിജയത്തിൽ നിന്ന് ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഓഫ് സ്പിന്നർ ഷൊയ്ബ് ബഷീർ അരങ്ങേറ്റം കുറിക്കുന്നു, മാർക്ക് വുഡിന് പകരം ജെയിംസ് ആൻഡേഴ്സൺ.
മികച്ച രീതിയിൽ കളി തുടങ്ങിയ ഇന്ത്യക്ക് പക്ഷെ കളിയുടെ ഗതിയെ മാറ്റുന്ന രീതിയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. ബാറ്സ്മാൻ സെറ്റ് ആയി വരുമ്പോഴേക്കും വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ഇംഗ്ലണ്ടിന്റെ ബൗളർമാർ വിജയിച്ച മത്സരത്തിൽ ജയ്‌സ്വാളിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ ലഭിക്കാൻ കാരണമായത്
സ്കോർ: ഇന്ത്യ 336/6 (യശസ്വി ജയ്‌സ്വാൾ 179*, രജത് പതിദാർ 32; ഇംഗ്ലണ്ടിന് വേണ്ടി റെഹാൻ അഹമ്മദും ഷൊഹൈബ് ബഷീറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Discussion about this post