തൃശൂർ : തൃശ്ശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ പൂരം ഫിൻ സെർവിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ ആണ് പൂരം ഫിൻസെർവിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാനായി ഉത്തരവിട്ടിട്ടുള്ളത്. 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ആണ് സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത്.
12% പലിശ വാഗ്ദാനം ചെയ്താണ് പൂരം ഫിൻസെർവ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. 3000ത്തിലേറെ വരുന്ന നിക്ഷേപകരിൽ നിന്നായി 200 കോടിയിലേറെ രൂപ സമാഹരിച്ച ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു. അനിൽ, സുനിൽ എന്നീ സഹോദരങ്ങൾ ഡയറക്ടർമാരായിട്ടുള്ള സ്ഥാപനമാണ് തൃശ്ശൂരിൽ പ്രവർത്തിച്ചുവന്നിരുന്ന പൂരം ഫിൻസെർവ്. ഈ രണ്ട് ഡയറക്ടർമാരുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടാനായി തീരുമാനിച്ചിട്ടുള്ളത്.
അനിലിന്റെയും സുനിലിന്റെയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുടെ ഉത്തരവ് എല്ലാ സബ് രജിസ്ട്രാർ ഓഫീസർമാർക്കും അടിയന്തരമായി നൽകുന്നതാണ്. ജപ്തി ചെയ്യുന്നതിന് മുൻപായി സ്വത്തുക്കൾ വിൽപ്പന നടത്താനുള്ള നീക്കങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുകയും ചെയ്യും. എല്ലാ ബാങ്കുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Discussion about this post