തിരുവനന്തപുരം: നാലാമത് പഠന കോണ്‍ഗ്രസില്‍ സിപിഎം മുന്നോട്ടു വച്ച പുതിയ വികസന അജണ്ടയില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പഠന കോണ്‍ഗ്രസില്‍ വികസനത്തിന് വേഗം കൂട്ടണമെന്ന് സിപിഎം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ കാണുന്നത്. ഇപ്പോള്‍ ഞാനാണ് ഏറ്റവും സന്തോഷവാനായ വ്യക്തിയെന്നും വാര്‍ത്ത ഏജന്‍സിയോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
എന്റെ സര്‍ക്കാരിന് ലഭിച്ച മികച്ച അഭിനന്ദനമാണിത്. കാരണം വികസനത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അവരും മുന്നോട്ടുവയ്ക്കുന്നത്. മുന്‍പ് ടാക്ടറുകളെയും കംപ്യൂട്ടറുകളെയും സിപിഎം എതിര്‍ത്തു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഐടി രംഗത്ത് വേഗത്തിലുള്ള വികസനം വേണമെന്നാണ് പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇന്നലെ നടന്ന എകെജി ഗവേഷണ കേന്ദ്രത്തിന്റെ നാലാമതു കേരള പഠന കോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയിലാണ് പാര്‍ട്ടി പുതിയ വികസന നയം പ്രഖ്യാപിച്ചത്. പൊളിറ്റ് ബ്യൂറോ അംഗവും പഠനകോണ്‍ഗ്രസ് ചെയര്‍മാനുമായ പിണറായി വിജയന്‍ പാര്‍ട്ടിയുടെ ഈ മാറ്റം ദീര്‍ഘമായ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. അതിവേഗം വളരുന്ന കേരളമായിരിക്കണം ഇനിയുള്ള ലക്ഷ്യമെന്നാണു സിപിഎം ഇപ്പോള്‍ പറയുന്നത്. ആറു മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ എത്താനുള്ള വഴി ആരായണമെന്നും പിണറായി പറഞ്ഞിരുന്നു.
Discussion about this post