ന്യൂഡൽഹി : ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാര നേട്ടത്തിന്റെ നിറവിലാണ് മുൻ ഉപ പ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ആയ ലാൽ കൃഷ്ണ അദ്വാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ എൽ കെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഭാരതത്തിന്റെ വികസനത്തിന് എൽ.കെ അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും പ്രധാനമന്ത്രി തന്നെ പോസ്റ്റിൽ വ്യക്തമാക്കി.
പുരസ്കാര പ്രഖ്യാപനത്തിനു ശേഷം തന്നെ കാണാൻ എത്തിയ മാദ്ധ്യമങ്ങളെയും രാഷ്ട്രീയ പ്രമുഖരെയും എൽകെ അദ്വാനി അഭിവാദ്യം ചെയ്തു. മകൾ പ്രതിഭ അദ്വാനി അദ്ദേഹത്തിന് മധുരം നൽകി കൊണ്ടാണ് സന്തോഷം പങ്കുവെച്ചത്. വാർദ്ധക്യസഹജമായ പ്രശ്നങ്ങളാൽ തളർന്നിരിക്കുന്ന അദ്വാനിക്ക് ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചതിലുള്ള സന്തോഷം വെളിപ്പെടുത്താൻ വാക്കുകൾ ലഭിച്ചില്ലെങ്കിലും സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ നിലയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.
ഈ പുരസ്കാരം നേട്ടത്തിൽ എൽ കെ അദ്വാനി എന്ന വ്യക്തിയോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും രാജ്യവും ഒന്നിച്ച് സന്തോഷിക്കുന്നതായി മകൾ പ്രതിഭ അദ്വാനി വ്യക്തമാക്കി. “തന്റെ ജീവിതം മുഴുവൻ രാജ്യസേവനത്തിനായി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം വളരെ തളർന്നിരിക്കുന്ന അവസ്ഥയിലാണ്. അധികം സംസാരിക്കാൻ കഴിയുന്ന സന്ദർഭം അല്ല. പക്ഷേ പുരസ്കാരവാർത്ത അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ശരിക്കും ആനന്ദനിർഭരമായ നിമിഷം ആയിരുന്നു അത്. ഈ അവസരത്തിൽ ഞാൻ എന്റെ അമ്മയെയും ഓർക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും രാജ്യത്തെ ജനങ്ങളോടും നന്ദി മാത്രമാണ് പറയാനുള്ളത് ” എന്നും പ്രതിഭ അദ്വാനി വ്യക്തമാക്കി.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വ്യക്തിയാണ് എൽകെ അദ്വാനി. ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ പാകിയവരിൽ പ്രധാനിയും കൂടിയാണ് അദ്ദേഹം. ഏറ്റവും കൂടുതൽ കാലം ബിജെപിയുടെ അധ്യക്ഷനായിരുന്ന വ്യക്തി എന്ന ബഹുമതിയും എൽകെ അദ്വാനിക്ക് സ്വന്തമാണ്. 1984ൽ പാർലമെന്റിൽ വെറും രണ്ട് സീറ്റ് മാത്രം നേടിയ ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പിൽ 86 സീറ്റുകൾ നേടി ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ള പാർട്ടിയാക്കി മാറ്റിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ് എൽകെ അദ്വാനിയുടേത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ നേതൃത്വം നൽകിയ വ്യക്തിത്വം എന്ന നിലയിൽ എൽ കെ അദ്വാനി എന്നും അനുസ്മരിക്കപ്പെടുന്നതാണ്.
Discussion about this post