റാഞ്ചി : നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രി ചമ്പൈ സോറൻ ഇന്ന് രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നേരിടും. ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടും എന്ന ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജി വച്ച ഒഴിവിലാണ് ചമ്പൈ സോറൻ മുഖ്യമന്ത്രി ആകുന്നത്.
അതെ സമയം എം എൽ എ മാർ ബി ജെ പി യിലേക്ക് പോകുന്നത് തടയുന്നതിനായി തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിൽ പാർപ്പിച്ച ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം, ഞായറാഴ്ച വൈകുന്നേരത്തോടെ തങ്ങളുടെ നേതാക്കളെ റാഞ്ചിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
47 എം എൽ എ മാർ കൂടെ ഉള്ളത് കൊണ്ട് വിശ്വാസ വോട്ടെടുപ്പ് ഒരു ഔപചാരികത മാത്രമാണ് എന്നാണ് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച പറയുന്നതെങ്കിലും അവസാന നിമിഷം വരെ ഉദ്വേഗത്തിന്റെ മുൾമുനയിലായിരിക്കും ഇരു കക്ഷികളും എന്നുറപ്പാണ്.
അതെ സമയം ജെ എം എം ഗോത്ര വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും, താൻ നൽകിയ ഉപദേശങ്ങൾ കേട്ടിരിന്നുവെങ്കിൽ ഹേമന്ത് സോറൻ ജയിലിൽ പോകേണ്ടി വരില്ലായിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഭരണകക്ഷി എം എൽ എ ലോബിൻ ഹെംബ്രോം രംഗത്ത് വന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്
Discussion about this post