പൂനെ: ലോകത്തിന്റെ നിലനിൽപ്പിനായി ഭാരതം ശക്തിപ്പെടണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിന്റെ താഴ്ച ലോകത്തിന്റെ പതനത്തിന് കാരണം ആകുമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ നേതാവ് ശ്രീ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിന്റെ 75-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗീതാ ഭക്തി അമൃത് മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നായി നമ്മുടെ ഭാരതം മാറിയിരിക്കുന്നു. ഇന്ത്യയില്ലെങ്കിൽ ലോകമില്ലെന്ന അവസ്ഥയാണ് ഇന്ന്. അതിനാൽ ഇന്ത്യ ഉയർച്ച തുടരണം. ലോകത്തെ തന്നെ സമർത്ഥമായ രാജ്യമായി മാറണം. ഏതെങ്കിലും കാരണത്താൽ ഇന്ത്യയുടെ വളർച്ച നിലച്ചാൽ, അത് ലോകത്തിന്റെ നിലനിൽപ്പിനെ ബാധിക്കും. ലോകത്തിന്റെ നാശം സംജാതമാകുമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ലോകത്തിന് ഇന്ത്യയെ ആവശ്യമാണ്. ഈ അഭിപ്രായം വിദഗ്ധരുടേത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 22 ന് രാം ലല്ല ഗർഭഗൃഹത്തിൽ മടങ്ങിയെത്തിയിരിക്കുന്നു. ഇത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ധീരമായ പ്രവർത്തിയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് അതിന് കഴിഞ്ഞത്. നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ഇന്നത്തെ തലമുറയ്ക്ക് രാം ലല്ല തത്സ്ഥാനത്ത് നിൽക്കുന്നത് കാണാൻ ഭാഗ്യമുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.








