ജയ്പൂർ: രാജസ്ഥാനിൽ യുവതിയെ മുത്വലാഖ് ചൊല്ലിയതായി പരാതി. ജയ്പൂരിലെ രാംഗഞ്ചിലാണ് സംഭവം. പെഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പെഹവാറിലെ യുവതിയുടെ വീട്ടിൽ എത്തിയായിരുന്നു പ്രതി മൊഴി ചൊല്ലിയത്. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് മുതൽ വർഷങ്ങളായി ഭർത്താവിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും ക്രൂര ശാരീരിക മാനസിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത് എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
2014ലായിരുന്നു പരാതിക്കാരിയും പ്രതിയുമായുള്ള വിവാഹം. ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിക്കാൻ ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് പരാതിക്കാരി. ഗർഭിണിയായിരിക്കുമ്പോൾ പോലും ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ഉപദ്രവം അധികമായതോടെ യുവതി ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് ശേഷം ഉപദ്രവം വർദ്ധിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നു. പീഡനം അസഹനീയമായതോടെ യുവതി കുഞ്ഞുങ്ങളുമായി പെഹറിലെ വീട്ടിലേക്ക് പോയി. ഇവിടെയെത്തി മൊഴി ചൊല്ലിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നു.
ഒരു മാസത്തിനിടെ മുത്വലാഖുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണ് ജയ്പൂരിൽ രജിസ്റ്റർ ചെയ്യുന്നത്. പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.










