വാഷിംഗ്ടണ്‍: ജനറല്‍ അറ്റോമിക്സ് എംക്യു-9 ബി സായുധ ഡ്രോണുകള്‍ ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അമേരിക്ക. ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സമുദ്ര സുരക്ഷയും ഡൊമെയ്ന്‍ ശേഷിയും നല്‍കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച ആയിരുന്നു സായുധ ഡ്രോണുകളുടെ വില്‍പ്പനയ്ക്ക് അമേരിക്ക അംഗീകാരം നല്‍കിയത് .
33,000 കോടിയിലധികം രൂപയുടെ കരാറിനാണ് ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന് ഏജന്‍സി ഇന്ത്യക്ക് അനുമതി നല്‍കിയത്. സായുധ ഡ്രോണുകളുടെ പൂര്‍ണ ഉടമസ്ഥാവകാശം ഇന്ത്യയ്ക്കായിരിക്കും.
ഇന്ത്യന്‍ നാവികസേനയ്ക്ക് പതിനഞ്ചും , കര ,വ്യോമ സേനകള്‍ക്ക് ഏട്ട് വീതവുമാണ് ഡ്രോണുകള്‍ ലഭിക്കുക. ലേസര്‍ നിയന്ത്രിത ബോംബുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ കഴിവുള്ളവായാണ് പൈലറ്റില്ലാ വിമാനങ്ങള്‍. ചൈനീസ്, പാക്ക് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡ്രോണുകളുടെ വരവു സേനകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.
കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയിലാണ് പ്രൊജക്റ്റ് മെഗാ ഡ്രോണ്‍ കരാര്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിന് കാരണമാവും.
Discussion about this post