മലപ്പുറം : മലപ്പുറം തിരൂരിൽ വാഹനാപകട സമയത്ത് കാറിന്റെ എയർബാഗ് പ്രവർത്തിക്കാതിരുന്നത് വാഹനത്തിന്റെ നിർമ്മാണത്തിലെ അപാകതയെന്ന് കണ്ടെത്തൽ. എയർബാഗ് പ്രവർത്തിക്കാതിരുന്നത് കാരണം ഗുരുതരമായി പരിക്കേറ്റ വാഹന ഉപഭോക്താവിന് വാഹനത്തിന്റെ വിലയും കോടതി ചിലവും തിരികെ നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്റെ വിധി.
2021ലാണ് തിരൂരിൽ കേസിന് ആസ്പദമായ കാർ അപകടം നടക്കുന്നത്. അപകടത്തെ തുടർന്ന് എയർബാഗ് പ്രവർത്തിക്കാതിരുന്നതോടെ കാർ ഉടമസ്ഥനായ മുഹമ്മദ് മുസ്ലിയാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹന നിർമ്മാതാക്കളുടെ പിഴവാണ് പരിക്ക് ഗുരുതരമാകാൻ കാരണം എന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് മുസ്ലിയാർ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കനത്ത ആഘാതത്തിലുള്ള അപകടം ആയിട്ടും എയർബാഗ് പ്രവർത്തിക്കാതിരുന്നതാണ് പരിക്ക് ഗുരുതരമാകാൻ കാരണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷൻ കേസിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനത്തിന് നിർമ്മാണ പിഴവ് ഉണ്ടായിട്ടുണ്ട് എന്ന് കമ്മീഷൻ കണ്ടെത്തി. വാഹന നിർമ്മാണ കമ്പനി വാഹനത്തിന്റെ വിലയായ നാല് ലക്ഷത്തോളം രൂപയും കോടതി ചെലവായി 20,000 രൂപയും പരാതിക്കാരന് നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചിരിക്കുന്നത്.
Discussion about this post