ന്യൂഡൽഹി: അമൃത് കാലിൽ ഇന്ത്യയെ വികസിതമാക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ൽ രാജ്യം സ്വാതന്ത്ര്യം നേടി 100 വർഷം തികയുന്ന കാലഘട്ടമാണ് 25 വർഷത്തെ അമൃത് കാൽ. തലസ്ഥാനത്ത് ശീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ ജനങ്ങൾ ഇന്ന് ദേശസ്‌നേത്തിന്റെ ഊർജവുമായി അമൃതകാലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ അമൃതകാലത്തിൽ ഇന്ത്യയെ വികസിത ഭാരതമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ ദൈവമായി കണ്ട്, ദൈവത്തിൽ നിന്നും രാജ്യത്തിന്റെ ദർശനം സ്വീകരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഒരു മഹത്തായ ക്ഷേത്രമെന്ന നൂറുകണക്കിന് വർഷത്തെ സ്വപ്‌നം പൂവണിയുന്ന സമയത്താണ് പ്രഭുപാദ ഗോസ്വാമി ജിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നത്’- പ്രധാനമന്ത്രി വ്യക്തമാക്കി.
15-ാം നൂറ്റാണ്ടിലെ സന്യാസിയായ ചൈതന്യ മഹാപ്രഭുവിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാധയുടെയും കൃഷ്ണന്റെയും അവതാരമായി അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ കണക്കാക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
കൃഷ്ണനോടുള്ള സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു ചൈതന്യ മഹാപ്രഭു. ആത്മീയതയും ആത്മീയ പരിശീലനവും സാധാരണക്കാർക്ക് പ്രാപ്യമാക്കി. ത്യാഗത്തിലൂടെ മാത്രമല്ല, സന്തോഷത്തിലൂടെയും ദൈവത്തെ നേടാമെന്ന് അദ്ദേഹം നമുക്ക് പറഞ്ഞു തന്നു. ശ്രീകൃഷ്ണഭഗവാന്റെ വിനോദങ്ങൾ നമ്മുടെ ജീവിതത്തിൽ ആഘോഷിക്കുന്നതിലൂടെ എങ്ങനെ സന്തുഷ്ടരാകാമെന്ന് ചൈതന്യ മഹാപ്രഭു നമുക്ക് കാണിച്ചുതന്നു. സങ്കീർത്തനം, ഭജന, പാട്ട്, നൃത്തം എന്നിവയിലൂടെ എങ്ങനെ ആത്മീയതയുടെ ഉന്നതിയിലെത്താമെന്ന് ഇന്ന് പല അന്വേഷകരും നേരിട്ട് അനുഭവിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post