തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾ തുറക്കുന്നതിന് നിരോധനം. ആറ്റുകാൽ പൊങ്കാല നടക്കുന്നതിനോടനുബന്ധിച്ച് ഈ മാസം 24,25 തീയതികളിൽ ആണ് മദ്യ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. 24-ാം തീയതി വൈകിട്ട് 6 മുതൽ 25-ാം തീയതി വൈകിട്ട് 6 വരെയാണ് മദ്യ വില്പന നിരോധിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ബാറുകൾ, ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ എന്നിവയൊന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലും ആണ് ആറ്റുകാൽ പൊങ്കാല ദിവസം മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾതന്നെ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 17നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ആരംഭം കുറിക്കുന്നത്. 27നാണ് ഉത്സവം സമാപിക്കുക.
ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഫെബ്രുവരി 17ന് രാവിലെ 8ന് ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് ആരംഭമാകും. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ തോറ്റംപാട്ട് അവതരണവും 17ന് തന്നെയാണ് ആരംഭമാവുക.








