കഴിഞ്ഞദിവസം വൈകിട്ട് കണ്ണൂരിലെ തില്ലങ്കേരിയിൽ വച്ചാണ് കൈതചാമുണ്ഡി തെയ്യം ചടങ്ങിനിടെ തെയ്യം കെട്ടിയ ആൾ ആക്രമിക്കപ്പെട്ടത്. ആചാരങ്ങളുടെ ഭാഗമായി കൈതയോല വെട്ടി ചോരയിൽ കുളിച്ചു വരുന്ന തെയ്യത്തെ കണ്ടു ഭയന്ന് ഓടിയ ഒരു കുട്ടി വീണു പരിക്ക് പറ്റിയതാണ് ഒരു വിഭാഗം ആളുകൾ ചേർന്ന് തെയ്യത്തെ ആക്രമിക്കാൻ കാരണമായത്. സിപിഎം പാർട്ടി ഗ്രാമമായ തില്ലങ്കേരിയിൽ വച്ച് പ്രാദേശിക ജനവിഭാഗം പരിപാവനമായി കരുതുന്ന തെയ്യം ആക്രമിക്കപ്പെട്ടത് വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.
തെയ്യങ്ങളിൽ തന്നെ ഏറ്റവും രൗദ്രഭാവമുള്ള തെയ്യമാണ് കൈത ചാമുണ്ഡി തെയ്യം. ജീവനുള്ള കോഴിയെ പോലും പച്ചയ്ക്ക് വലിച്ചു കീറുന്ന രൗദ്രഭാവമാണ് ഈ തെയ്യത്തിൽ ഉടനീളം കാണാൻ കഴിയുക. കൈതചാമുണ്ഡി തെയ്യത്തിന്റെ ആചാരപ്രകാരമുള്ള ഒരു പ്രധാന ചടങ്ങാണ് വഴിയിലെ കൈതയോല വെട്ടി തിരികെ കാവിലേക്ക് എത്തുന്നത്. ഈ സമയം ഉഗ്രസ്വരൂപത്തിൽ വാൾ വീശി ആയിരിക്കും തെയ്യം വരുന്നത് എന്ന് ഈ പ്രദേശത്തെ എല്ലാ ജനങ്ങൾക്കും അറിവുള്ള കാര്യമാണ്. എന്നിട്ടും അത്തരം ഒരു അവസരത്തിൽ ആരാണ് ഒരു കുട്ടിയെ തെയ്യത്തിന് അടുത്തേക്ക് വിട്ടത് എന്നുള്ള കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കുട്ടി ഭയന്ന് ഓടി വീഴാൻ കാരണം തെയ്യമല്ല പകരം കുട്ടിയുടെ വീട്ടുകാരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്കുറവാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. എന്നിട്ടും ഒരു വിഭാഗം ആളുകൾ തെയ്യത്തെ ആക്രമിക്കുകയാണ് സംഭവത്തിൽ ചെയ്തത്. ഈ സംഭവത്തിനെതിരെ കൈത ചാമുണ്ഡി തെയ്യത്തെ കുറിച്ച് വിശദമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജിതിൻ കൃഷ്ണ എന്ന യുവാവ്. ഈ കുറിപ്പാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ജിതിൻ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
കൈത ചാമുണ്ഡി…
കാവുകളിലും തെയ്യകോലങ്ങളിലും അടിസ്ഥാനമാക്കിയാണ് വടക്കൻ കേരളത്തിലെ ആചാര- വിശ്വാസങ്ങൾ നിലകൊള്ളുന്നത്. പല പേരുകളിൽ, പല മൂർത്തികളായി നൂറുകണക്കിന് തെയ്യക്കോലങ്ങളാണ് ഉള്ളത്.. ഏറ്റവും ചുരുങ്ങിയത് മൂന്നുറുലധികം തെയ്യകോലങ്ങളുണ്ട്. വസൂരിമാല, വയനാട്ടുകുലവൻ, രക്ത ചാമുണ്ഡി, പൊട്ടൻ തെയ്യം, നാഗകന്നി, കരിഞ്ചാമുണ്ഡി, കരിങ്കുട്ടിച്ചാത്തൻ, കരിങ്കാളി അങ്ങനെ നീളുമത്.
വടക്കൻ കേരളത്തിൽ തെയ്യങ്ങൾ പൊതുവെ ദൈവരൂപങ്ങൾ എന്നാണ് വിശ്വാസം. തെയ്യകോലം കെട്ടിയാടുന്ന സമയത്ത് സ്വബോധത്തിൽ മനുഷ്യന് ചെയ്യാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്ന പലതും അവർ ചെയ്യുന്നത് കാണാം… തീ ചാമുണ്ഡിയൊക്കെ അഗ്നി കുണ്ഡത്തിലേക്ക് എടുത്ത് ചാടുന്നതും കനൽ വാരി എറിയുന്നതുമൊക്കെ കാണാറില്ലേ..? എങ്ങനെയാണ് ഇതൊക്കെ?
യഥാർത്ഥത്തിൽ സംഭവിക്കുന്നത് തെയ്യകോലം കെട്ടി, തോറ്റത്തിനൊപ്പം ആടയാഭരണങ്ങള്‍ അണിയുന്നതോടുകൂടി കോലധാരി മനുഷ്യനിൽ നിന്നും ദൈവികത്വം കൈവരിക്കുന്നു … അതായത് അവരുടെ വ്യക്തിത്വത്തിൽ നിന്ന് അപരവെക്തിത്വത്തിലേക്ക് പതിയെ കടക്കും.. അതൊരു മാനസീകവസ്ഥയാണ്. പിന്നെ ചെയ്യുന്നത് ഒന്നും അവരുടെ സ്വബോധത്തിൽ പോലുമാവില്ല.. ചില സമയത്ത് ബാധ കേറുന്നത് പോലെയൊക്കെ കണ്ടിട്ടുണ്ട്.. ഉദാഹരണം പറഞ്ഞാൽ വിഷ്ണു മൂർത്തി തെയ്യമൊക്കെ തീയിലേക്ക് എടുത്ത് ചാടുമ്പോൾ പിടിച്ച് മാറ്റാൻ സാധാരണയായി മൂന്നോ നാലോ പേരുണ്ടാവും.. അവരുടെ നിയന്ത്രണത്തിൽ ആവും തെയ്യകോലം.. ചില സമയത്ത് സ്വബോധം പൂർണമായും നഷ്ടപെട്ട സമയങ്ങളിൽ ഇവരുടെ നിയന്ത്രണങ്ങളിൽ നിൽക്കാതെ തെയ്യക്കോലം തീയിലേക്ക് എടുത്ത് ചാടാൻ ശ്രമിക്കുന്നത് കാണാറുണ്ട്… തെയ്യവും തെയ്യകോലവും അതൊരു മാനസികാവസ്ഥയാണ്.. ചുരുക്കി പറഞ്ഞാൽ ഒരു തെയ്യംകലാകാരന്‍ മുഖത്തെഴുത്ത് നടക്കുമ്പോള്‍തന്നെ പതിയെ ദൈവഗണത്തിലേക്ക് പരകായപവേശനം തുടങ്ങുന്നു എന്നാണ് വിശ്വാസം…
ഇനി കൈതചാമുണ്ഡിയിലേക്ക് വന്നാൽ…
ഇത്രയധികം തെയ്യക്കോലങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും അപകടകാരിയാരെന്നു ചോദിച്ചാൽ അത് കൈതചാമുണ്ഡിയാണ്. തീ ചാമുണ്ഡിയൊക്കെ തെയ്യകലാകാരന് അപകടം ഉള്ളത് ആണേലും കൈതചാമുണ്ഡി അങ്ങനെയല്ല, തെയ്യം കാണാൻ നിന്നാൽ പോലും ചിലപ്പോ പണികിട്ടും… തെയ്യം തുടങ്ങുമ്പോൾ തന്നെ ക്ഷേത്ര അധികാരികൾ ചാമുണ്ടിയുടെ മുമ്പിൽ പോകരുതെന്ന് അനൗൺസ് ചെയ്യാറുണ്ട്… കാരണം അപകടമാണ്. അത് കൊണ്ട് തന്നെ ഞാനൊക്കെ ആ പരിസരം പോലും നിൽക്കാറില്ല… കണ്ണൂരിൽ തന്നെ വളരെ ചുരുങ്ങിയ കാവുകളിൽ മാത്രമേ ഇത് കെട്ടിയാടാറുള്ളു..
ഉപദ്രവകാരിയായ അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും കൈതകാട്ടിൽ കൈതയുടെ രൂപത്തിൽ ഒളിച്ചിരുന്നത് തിരിച്ചറിഞ്ഞ മഹാദേവി വള് വീശി രണ്ടിനേയും കൊന്നു എന്നതാണ് ഐതീഹ്യം. ഇതാണ് കൈതച്ചാമുണ്ടി.. ഉഗ്രരൂപിയാണ്. ചാമുണ്ഡി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് ചടങ്ങ്… കൈത വെട്ടി തിരിച്ച് വരുമ്പോൾ ശരീരത്തിൽ മുഴുവൻ ചോരയുണ്ടവും.. കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് ആ ഉഗ്രരൂപിണിയുടെ വരവ്… ഈ വരവിൽ കോഴി കള്ളൻ ആണെന്ന് സംശയിച്ച് നാട്ടുകാർ പിന്നാലെ കൂടി കോഴി കള്ളാ എന്നും വിളിച്ച് കൂവി കളിയാക്കാറുണ്ട്… അത് എല്ലാ നാട്ടിലും ഉണ്ടാവാറുണ്ട്… ഇപ്പോൾ കുറച്ച് കാലമായി അത് കൂടുതലുമാണ്.. ആ നാട്ടിലെ യുവാക്കളും കുട്ടികളും എല്ലാം ഇതിൽ ആവേശത്തോടെ പങ്കെടുക്കുന്നത് കാണാറുണ്ട്… പിന്നാലെ കൂവി വിളിച്ച് നടക്കുന്നവരെയും പോവുന്ന വഴിയേ കളിയാക്കുന്നവരെയും കൈത ചാമുണ്ഡി വാള് വീശി ഓടിക്കും.. എന്നാലും പ്രകോപനം തുടർന്ന് മുന്നിലേക്ക് പോയി ആളുകൾ ചാടി കൊടുക്കും..
ഇന്നലെ തില്ലങ്കേരിയിൽ നടന്നത് ഇതാണ്… കൈതചാമുണ്ഡി കുട്ടികളെ പേടിപ്പിച്ചു എന്നും ഓടുമ്പോൾ കുട്ടിക്ക് പരിക്കേറ്റു എന്നതാണ് തെയ്യത്തെ മർദിച്ചതിന് കാരണമായി പറയുന്നത്… ചാമുണ്ഡി പേടിപ്പിക്കും എന്നും പ്രകോപനം നടത്തിയാൽ വാള് വീശുമെന്നും അറിയുന്നിടത്തേക്ക് കുട്ടികളെ വിട്ടത് എന്തിനാണ് എന്ന് തിരിച്ചു ചോദിക്കാൻ ആ നാട്ടിൽ ആരും ഉണ്ടായിരുന്നില്ലേ?
ഇതൊന്നും വിശ്വാസവും അംഗീകരിക്കാനും പറ്റാത്തവർ എന്തിനാണ് ഉത്സവ പറമ്പിലേക്ക് പോവുന്നത്?
നടന്നത് പാർട്ടി ഗ്രാമത്തിലാണ്… വേറെ ഒരു പാർട്ടികാരനും ആ പരിസരത്തേക്ക് പോലും പോവില്ല… ഹിന്ദു വിശ്വാസങ്ങൾക്ക് നേരെയുള്ള കമ്മ്യൂണിസ്റ്റ് അതിക്രമം ഇന്നും ഇന്നെലെയും തുടങ്ങിയതല്ല എന്ന് മാത്രമേ പറയാനുള്ളു..
വിശ്വസിച്ചാലും ഇല്ലേലും അവസാനമായി ഒന്ന് മാത്രം പറയാം… വിശ്വാസം ഒട്ടുമില്ലാത്തെ മൂർത്തികളോടും സർപ്പ സങ്കൽപം, ഗുളിക സങ്കൽപം പോലുള്ള ആരാധനയോടു പലതും ചെയ്തു കൂട്ടിയതും, ഒടുക്കം 10-20 വർഷങ്ങൾക്ക് ഇപ്പുറം പരിഹാരം തേടി നടക്കുന്നവരുടെ കഥകൾ വെക്തി ജീവിതത്തിൽ തന്നെ കുറച്ചധികം പറയാനുണ്ടാവും. ആ അനുഭവത്തിൽ പറയാം.. കൈതചാമുണ്ഡിയെ ഇന്നലെ മർദിച്ച ഒരാളുടെ കാര്യത്തിൽ പോലും എനിക്ക് സംശയമില്ല.. നല്ലതേ വരൂ.. ഒരു കേസും കോടതിയും ആവശ്യമുണ്ടാവും എന്ന് തോന്നുന്നില്ല.. ഇതിനെ അന്ധവിശ്വാസം എന്നോ വിശ്വാസം എന്നോ പേരിട്ട് വിളിച്ചോള്ളൂ!
Discussion about this post