ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ സംസ്ഥാനസർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവർക്ക് ഇഷ്ടമുള്ളതെന്തും പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിനെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ വീണ്ടും നിയമിക്കാൻ അവർ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തി. എന്നാൽ, അത് ശരിയല്ലെന്ന് വളരെ വിനയപൂർവം ഞാനവരെ മനസിലാക്കിക്കൊടുത്തു. അവർ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം കൊണ്ടുവന്നു. ഞാൻ സമ്മതിച്ചു. ഒടുവിൽ എന്താണ് കോടതിയിൽ ഉണ്ടായത്. അദ്ദേഹത്തിന് തന്റെ സ്ഥാനം ഒഴിയേണ്ടി വന്നു. ലജ്ജയില്ലാത്ത ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ളതെല്ലാം പറയാൻ സ്വാതന്ത്ര്യമുണ്ട്’- ഗവർണർ വ്യക്തമാക്കി.
ഗവർണർക്ക് കേരളത്തിൽ ചിലവഴിക്കാൻ സമയമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനും ഗവർണർ മറുപടി നൽകി. തന്റെ എല്ലാ യാത്രകളും രാഷ്ട്രപതി ഭവന്റെ അംഗീകാരത്തോടെയാണ് നടക്കുന്നത്. ഓണത്തിന് പോലും ക്ഷണിക്കാത്തവരാണ് ഇപ്പോൾ പരാതി ഉന്നയിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന ആരോപണം എപ്പോഴുമുള്ളതാണ്. അതിനെ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post