മുംബൈ: മലേഗാവ് സ്‌ഫോടന കേസിൽ പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. എൻഐഎ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതി രാമചന്ദ്ര ഗോപാൽസിംഗ് കൽസംഗ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. 2008 ലായിരുന്നു രാമചന്ദ്രയുടെ നേതൃത്വത്തിൽ മലേഗാവിൽ സ്‌ഫോടനം ഉണ്ടായത്.
എൻഐഎ പ്രത്യേക ജഡ്ജി എ.കെ ലഹോതിയുടേതാണ് നിർണായക ഉത്തരവ്. സംഭവത്തിന് പിന്നാലെ രാമചന്ദ്ര ഒളിവിൽ തുടരുകയാണ്. രാജ്യം വിട്ടെന്ന് സംശയിക്കുന്ന ഇയാളെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലും കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ നിർദ്ദേശിച്ചത്. കേസിൽ കോടതിയിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട് നിരവധി തവണ കോടതി നോട്ടീസ് നൽകിയിരുന്നു. ഇത് തുടർച്ചയായി അവഗണിക്കുന്ന സാഹചര്യത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുന്നത് എന്ന് കോടതി വ്യക്തമാക്കി.
ക്രിമിനൽ പ്രൊസീജിയർ കോഡിലെ 83ാം വകുപ്പ് പ്രകാരം ആണ് നടപടി. മദ്ധ്യപ്രദേശ് സ്വദേശിയാണ് രാമചന്ദ്ര. കോടതിയുത്തരവിന്റെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും.
കേസിൽ രാമചന്ദ്രയുടെ കൂട്ടാളി സന്ദീപ് ദാംഗെയും പ്രതിയാണ്. എന്നാൽ ഇയാൾക്ക് സ്വത്തുക്കൾ ഉള്ളതായി എൻഐഎയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഇയാൾക്കെതിരെയും അറസ്റ്റ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post