തൃശ്ശൂർ : വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ തൃശ്ശൂർ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റിയിലെ പകുതിയിലേറെ അംഗങ്ങൾ രാജിവച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും ചേർന്ന് പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചത്.
ചേർപ്പ് ലോക്കൽ കമ്മിറ്റിയിലെ 14 അംഗങ്ങളിൽ എട്ടുപേരാണ് രാജിവെച്ചത്. സി.സി മുകുന്ദൻ എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കിയതാണ് സംഘർഷങ്ങൾക്കും കൂട്ട രാജിക്കും കാരണമായത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുടെയും മണ്ഡലം സെക്രട്ടറിയുടെയും സ്ഥാപിത താല്പര്യങ്ങളും ഏകാധിപത്യ പ്രവണതകളും ആണ് പാർട്ടിയിൽ നടപ്പാക്കുന്നത് എന്നാണ് രാജിവച്ച അംഗങ്ങൾ ആരോപിക്കുന്നത്.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ടി ആർ രമേഷ് കുമാറും മണ്ഡലം സെക്രട്ടറി ആയ പി വി അശോകനും രണ്ടുവർഷത്തോളമായി സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളും നടത്തുകയാണ് എന്നാണ് രാജിവച്ചവർ ആരോപിക്കുന്നത്. ഇവരുടെ തീരുമാനങ്ങൾ പാർട്ടി പ്രവർത്തകരിൽ അടിച്ചേൽപ്പിക്കുന്ന ഏകാധിപത്യ പ്രവണതയാണ് നടപ്പിലാക്കുന്നതെന്നും രാജിവെച്ച അംഗങ്ങൾ കുറ്റപ്പെടുത്തുന്നു.
Discussion about this post